വാഷിംഗ്ടണ്‍- അമേരിക്കയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ട്രംപിന്റെ പല ഭ്രാന്തന്‍ നയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ തടയിടുകയാണെന്ന സീനിയര്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ വിവാദമായി.
പ്രസിഡന്റ് ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് അജ്ഞാത ഉദ്യോഗസ്ഥന്‍ എഴുതിയ ലേഖനം ന്യൂയോര്‍ക്ക് ടൈംസാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗസ്ഥനെ ഭീരുവെന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് രോഷം പ്രകടിപ്പിച്ചു. ലേഖനത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച വൈറ്റ് ഹൗസ് ഈ ഉദ്യോഗസ്ഥനെ നീക്കം ചെയ്യാനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.
പ്രസിഡന്റിന്റെ പല ഉത്തരവുകളും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ തന്നെ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്.
പതിവിനു വിപരീതമായി ലേഖനത്തിന്റെ കര്‍ത്താവായി ട്രംപ് ഭരണകൂടത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നു മാത്രമാണ് ചേര്‍ത്തിട്ടുള്ളത്. പേരു വെളിപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥനു പിന്നെ ജോലി കാണില്ലെന്ന് പത്രം പ്രതികരിച്ചു.
ട്രംപ് ഒപ്പിടാതിരിക്കാന്‍ സുപ്രധാന ഉത്തരവുകള്‍ മേശയില്‍നിന്ന് മാറ്റാറുണ്ടെന്ന ബോബ് വുഡ്‌വാര്‍ഡിന്റെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെയാണ് അതു ശരിവെച്ചുകൊണ്ടുള്ള ന്യൂയോര്‍ക്ക് ടെംസ് ലേഖനം.
ഇതേ പുസ്തകത്തില്‍ സിറിയയില്‍ നടന്ന രാസായുധ ആക്രമണത്തിനു പിന്നലെ പ്രസിഡന്റ് ബശാര്‍ അല്‍ അസദിനെ വധിക്കാന്‍ ഉത്തരവിട്ടുവെന്ന വെളിപ്പെടുത്തല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു.
ഇത്തരത്തില്‍ ഒരു ആശയം പ്രതിരോധ വകുപ്പുമായി ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. വാട്ടര്‍ഗേറ്റ് പുറത്തുകൊണ്ടുവന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്വാര്‍ഡിന്റെ 'ഫിയര്‍, ട്രംപ് ഇന്‍ ദി വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിലാണ് അസദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്നതടക്കം ഒട്ടേറെ വെളിപ്പെടുത്തലുകളുള്ളത്.
തങ്ങള്‍ പറഞ്ഞുവെന്ന് പുസ്തകം അവകാശപ്പെടുന്ന കാര്യങ്ങള്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ജോണ്‍ കെല്ലിയും നിഷേധിച്ചു. അസദിനെ വധിക്കാന്‍ ട്രംപ് ഉത്തരവിട്ടുവെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന പുസ്തകം ഈ മാസം 11നാണ് വിപണിയിലെത്തുന്നത്. പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അസദിനെ വധിക്കാനുള്ള പദ്ധതി തയാറാക്കാന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്കിയെന്നാണ് ആരോപണം. 'അവനെ നമുക്കു തീര്‍ക്കാം' എന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിനോട് ട്രംപ് പറഞ്ഞതയാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്.
2017 ഏപ്രിലില്‍ അസദ് സിറിയയില്‍ രാസാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തില്‍ പറഞ്ഞതെന്നും പുസ്തകം അവകാശപ്പെടുന്നു.
വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ട്രംപിനെ വിഡ്ഢി എന്നു വിളിച്ചതായും പുസ്തകത്തില്‍ പറയുന്നുണ്ട്. ട്രംപിന് അഞ്ചാം ക്ലാസുകാരന്റെ ബുദ്ധിയേയുള്ളൂവെന്ന് ജിം മാറ്റിസ് പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. ഒപ്പിടുന്നത് ഒഴിവാക്കാന്‍ പ്രധാന രേഖകള്‍ ട്രംപിന്റെ മേശയില്‍നിന്ന് വൈറ്റ്ഹൗസ് ജീവനക്കാര്‍ മാറ്റിവെക്കാറുണ്ടെന്നും പുസ്തകം വെളിപ്പെടുത്തുന്നു.
ട്രംപിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിലും വിശ്വാസ്യതയുള്ള മാധ്യമപ്രവര്‍ത്തകരിലൊരാളായ വുഡ്വാര്‍ഡ് രചിച്ച പുസ്തകമായതിനാലും ഇതിലെ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സന്റെ ഇംപീച്ച്‌മെന്റിനു വഴിവച്ച റിപ്പോര്‍ട്ട് തയാറാക്കിയവരിലൊരാള്‍ വുഡ്വാര്‍ഡ് ആണ്. ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു. ബുഷ് തുടങ്ങിയ പ്രസിഡന്റുമാരെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.