മോസ്‌കോ - ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ സൈന്യത്തെ അയച്ചാല്‍ ആണവയുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ വ്യാഴാഴ്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കുശേഷം മോസ്‌കോയും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഏറ്റവും മോശമായ പ്രതിസന്ധിയാണ് ഉക്രൈന്‍ യുദ്ധം സൃഷ്ടിച്ചത്. നാറ്റോയും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ അപകടങ്ങളെക്കുറിച്ച് പുടിന്‍ മുമ്പ് പറഞ്ഞിരുന്നു, എന്നാല്‍ വ്യാഴാഴ്ച അദ്ദേഹം നല്‍കിയ ആണവ മുന്നറിയിപ്പ് സ്ഥിതി രൂക്ഷമാക്കുകയാണ്.
നിയമനിര്‍മ്മാതാക്കളെയും രാജ്യത്തെ മറ്റ് പ്രമുഖരെയും അഭിസംബോധന ചെയ്യവേ, 71 കാരനായ പുടിന്‍, റഷ്യയെ ദുര്‍ബലപ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണം ആവര്‍ത്തിച്ചു, റഷ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് എത്ര അപകടകരമാണെന്ന് പാശ്ചാത്യ നേതാക്കള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ നാറ്റോ അംഗങ്ങള്‍ ഉക്രൈനിലേക്ക് കരസേനയെ അയക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച അവതരിപ്പിച്ച ആശയത്തെക്കുറിച്ചുള്ള പ്രതികരണമായാണ് പുടിന്റെ ഭീഷണി. ഈ നിര്‍ദ്ദേശം അമേരിക്ക, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ തള്ളിയിരുന്നു.