Sorry, you need to enable JavaScript to visit this website.

കാണാതായ ബി.ജെ.പി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തിലെ കടയില്‍;ശ്വാസംമുട്ടിച്ച് കൊന്നു

ന്യൂദല്‍ഹി-ദേശീയ തലസ്ഥാനത്ത് കാണാതായ ബി.ജെ.പി പ്രവര്‍ത്തകയുടെ മൃതദേഹം സ്‌കൂള്‍ കെട്ടിടത്തില്‍ കണ്ടെത്തി. ഈ മാസം 24ന് കാണാതായ വര്‍ഷയുടെ (28) മൃതദേഹം ദല്‍ഹി നരേലയിലുള്ള പ്ലേസ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് കണ്ടെത്തിയത്. നരേലയിലെ സ്വതന്ത്രനഗറിലെ താമസക്കാരിയായിരുന്നു വര്‍ഷ.
ബിസിനസ് പങ്കാളിയായ സോഹന്‍ലാലിനെ കാണാനായി വീട്ടില്‍ നിന്നു പോയതായിരുന്നു വര്‍ഷ. സോഹന്‍ലാലുമായി ചേര്‍ന്ന് പ്ലേസ്‌കൂള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നതായി പിതാവ് വിജയ് കുമാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഫെബ്രുവരി 24ന് വര്‍ഷയുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ ഒരു അജ്ഞാതനാണ് ഫോണെടുത്തത്. സോനിപ്പത്തിലെ റെയില്‍വേ പാളത്തിനു സമീപത്തു നിന്നാണ് അയാള്‍ വര്‍ഷയുടെ ഫോണില്‍ സംസാരിച്ചത്. ഒരു പുരുഷന്‍ ആത്മഹത്യക്കു ശ്രമിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് വിഡിയോകോള്‍ ചെയ്തു. സോഹനായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചയാള്‍. എന്നാല്‍ ഉടന്‍ തന്നെ അവിടെ എത്തിയെങ്കിലും സോഹനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിജയ് കുമാര്‍ പറഞ്ഞു.
സ്‌കൂളിനുള്ളിലെ സ്‌റ്റേഷനറി കടയില്‍നിന്നാണ് വര്‍ഷയുടെ മൃതദേഹം കണ്ടെടുത്തത്. നാല് ദിവസമായി കട അടഞ്ഞുകിടക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് വിജയ്കുമാര്‍ ഉടമയുടെ സഹായത്തോടെ കട കുത്തിത്തുറന്ന് അകത്ത് നിന്ന് മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ സംശയം. മകളെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് വര്‍ഷയുടെ കുടുംബം ആരോപിച്ചിരുന്നു.

 

Latest News