റിയാദ്- രാജ്യത്തെ വിദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ഇക്കാര്യം ശൂറ പരിഗണിക്കുന്ന വിഷയങ്ങളിൽനിന്ന് മാറ്റിയിട്ടില്ലെന്ന് ധനകാര്യസമിതി അംഗം ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു.
മുൻ ശൂറാ കൗൺസിൽ അംഗം ഹുസാം അൽഅൻഖരിയാണ് നേരത്തെ ഈ വിഷയം ശൂറയിൽ ഉന്നയിച്ചിരുന്നത്. വിദേശികളുടെ റെമിറ്റൻസിന നികുതി വരുമെന്ന വാർത്ത ശരിയല്ലെന്ന് ധനകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
മന്ത്രാലയത്തിന്റെ നിഷേധം ശൂറാ കൗൺസിലിന് വിഷയമല്ലെന്നും അംഗത്തിന്റെ നിർദേശം ശൂറാ കൗൺസിൽ സെക്രട്ടറിയേറ്റ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും ഡോ. മുഹമ്മദ് ആലു അബ്ബാസ് പറഞ്ഞു. വിദേശ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്ന കാര്യം നേരത്തെ നിശ്ചയിച്ചത് പോലെ ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്ത് തന്നെ പണം ചെലവഴിക്കുന്നതിന് വിദേശ തൊഴിലാളികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം ഈ നിർദേശത്തിന് പിറകിലുണ്ടെന്നും ഡോ. ആലു അബ്ബാസ് വ്യക്തമാക്കി. നിയമവിധേയമല്ലാത്ത ധനസമ്പാദനത്തിന് തടയിടുക എന്നതും പുതിയ നിർദേശത്തിന് പ്രേരകമാണ്.