കാസര്‍കോട്- പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ(27) പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി കോടതി മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ ഫെബ്രുവരി 29ന് വിധി പറയാനാണ് തീരുമാനിച്ചിരുന്നത്. ജഡ്ജി കെ കെ ബാലകൃഷ്ണന്‍ അവധിയില്‍ പോയതിനാല്‍ കേസ് ജില്ലാകോടതി ഇന്ന് പരിഗണിച്ചില്ല. വിധി മറ്റൊരു തീയതിക്ക് വെക്കാനായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്)യെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. റിയാസ് മൗലവി വധക്കേസിലെ അന്തിമവാദം അടക്കം പൂര്‍ത്തിയായതോടെ ഫെബ്രുവരി 22ന് കേസ് പരിഗണിച്ച കോടതി വിധി പറയുന്നതിനായി 29 ലേക്ക് മാറ്റിവെക്കുകയായിരുന്നു.