ന്യൂദൽഹി- ചാരവൃത്തി കേസിൽ വധശിക്ഷ ഒഴിവായി ഖത്തറിൽ മോചിതരായ എട്ട് ഇന്ത്യക്കാരിൽ ഒരാൾ ഇനിയും നാട്ടിലെത്തിയില്ല. ചില നടപടികൾ കൂടി പൂർത്തിയാക്കാനുണ്ടെന്നും അതിനുശേഷം ഇയാൾ മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടര ആഴ്ച മുമ്പാണ് ഏഴ് മുൻ നാവിക ഉദ്യോഗസ്ഥർ ജയിൽ മോചിതരായി നാട്ടിലെത്തിയത്. അൽ-ദഹ്‌റ ഗ്ലോബൽ കേസിൽ ഉൾപ്പെട്ട എട്ട് ഇന്ത്യൻ പൗരന്മാരെയും വിട്ടയച്ചിരുന്നുവെന്നും ഇവരിൽ ഏഴ് പേർ ഇന്ത്യയിലേക്ക് മടങ്ങിയതായും വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. എട്ടാമത്തെ ഇന്ത്യൻ പൗരന് ചില ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്. അവ പൂർത്തിയാകുമ്പോൾ അദ്ദേഹവും മടങ്ങിവരും- ചോദ്യത്തിന് മറുപടിയായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബർ 26 നാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നാവികസേനയിലെ സൈനികർക്ക് വധശിക്ഷ വിധിച്ചത്. പിന്നീട് അപ്പീൽ കോടതി ഡിസംബർ 28-ന് വധശിക്ഷ ഇളവ് ചെയ്യുകയും വിവിധ കാലയളവുകൾക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾ ചാരവൃത്തി ആരോപണമാണ് നേരിട്ടിരുന്നത്. എന്നാൽ ഖത്തർ അധികൃതരോ കേന്ദ്രസർക്കാരോ അവർക്കെതിരായ കുറ്റങ്ങൾ പരസ്യമാക്കിയിരുന്നില്ല. .
എട്ട് ഇന്ത്യക്കാരുടെ മോചനത്തിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തിടെ നടത്തിയ ഖത്തർ സന്ദർശനത്തിൽ നന്ദി അറിയിച്ചിരുന്നു.