Sorry, you need to enable JavaScript to visit this website.

ഭര്‍തൃപീഡനത്തില്‍ മനം നൊന്ത് ആത്മഹത്യാശ്രമത്തിനിടെ രണ്ടര വയസുകാരന്‍ മരിച്ച കേസില്‍ അമ്മക്ക് ജീവപര്യന്തം തടവും പിഴയും 

തലശ്ശേരി- ആത്മഹത്യാ ശ്രമത്തിനിടെ രണ്ടര വയസ്സുകാരന്റെ മരണത്തില്‍ പ്രതിയായ അമ്മയെ കോടതി ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ഭര്‍തൃപീഡനം കാരണം യുവതി കുഞ്ഞിനെയെടുത്ത് കിണറ്റില്‍ ചാടിയപ്പോള്‍ കുട്ടി മരിച്ച കേസിലാണ് അമ്മയെ കോടതി ശിക്ഷിച്ചത.് കണ്ണൂര്‍ ബക്കളം കൊറ്റാളിയിലെ പുന്നക്കുളങ്ങര പാടിയില്‍ വീട്ടില്‍ ഉഷ (44)യെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. വി മൃദുല ശിക്ഷിച്ചത്. 

2015 ജൂലായ് 12ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പുഴാതി കൊറ്റാളിയിലെ അനൂപിന്റെ ഭാര്യയായ ഉഷ ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്നത്തെ തുടര്‍ന്ന് രണ്ടര വയസ്സുള്ള മകന്‍ അക്ഷയിയെ എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ച ഉഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഈ കേസിലാണ് ഉഷയെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നത.് 

ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതക കുറ്റമാണ് പ്രതി നടത്തിയതെന്ന് കോടതി കണ്ടെത്തി. ഉഷയെ ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 309 ഐ. പി. സി പ്രകാരം പ്രതിയെ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചു. 

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ജയറാം ദാസ്  ഹാജരായി. പോലീസ് ഇന്‍സ്പെക്ടര്‍ എം. പി ആസാദാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
 

Latest News