ന്യൂദൽഹി- 1993ലെ സ്‌ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ ടാഡ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിലാണ് ടാഡ ( ഭീകര വിരുദ്ധ നിയമം) കോടതി അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. കോട്ട, കാൺപുർ, സെക്കന്തരാബാദ്, സൂററ്റ് എന്നിവടങ്ങളിൽ നടന്ന സ്‌ഫോടനത്തിലാണ് കുറ്റവിമുക്തനാക്കിയത്.
അബ്ദുൾ കരീം തുണ്ടയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. അബ്ദുൾ കരീം തുണ്ടക്കെതിരെ ടാഡ, ഐ.പി.സി, റെയിൽവേ ആക്ട്, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്തു ചുമത്തിയ കേസുകളിൽനിന്ന് കോടതി കുറ്റമുക്തനാക്കിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുൽത്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയാണ് അബ്ദുൾ കരീം തുണ്ട. പിൽഖുവയിൽ മരപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, 96-ലെ സ്‌ഫോടന കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നതിനാൽ കരീം തുണ്ടക്ക് മോചിതനാകാനാകില്ല.