ന്യൂദല്‍ഹി- വീല്‍ചെയര്‍ കിട്ടാതെ ദീര്‍ഘദൂരം നടക്കാന്‍ നിര്‍ബന്ധിതനായ വയോധികനായ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി.
ഫെബ്രുവരി 16 ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 80 വയസ്സുകാരന്‍ വീണുമരിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം വിലയിരുത്തിയതിനുശേഷം എയര്‍ ഇന്ത്യ കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്.
മരിച്ച യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. കൂടുതല്‍ വീല്‍ചെയറുകള്‍ ആവശ്യമായി വന്നതിനാല്‍ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ അദ്ദേഹത്തോട് കാത്തുനില്‍ക്കുവാന്‍ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, ഇതിന് തയാറാവാതെ അദ്ദേഹം ഭാര്യയോടൊപ്പം നടക്കുകയായിരുന്നുവെന്നാണ് എയര്‍ലൈന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചില്ലെന്ന് കണ്ടെത്തി ഡി.ജി.സി.എ പിഴ ചുമത്തുകയായിരുന്നു.