ദുബയ്- യുഎഇ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നവംബര്‍ അവസാന വാരത്തില്‍ ദുബയിലെത്തുമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് (ഐ.ഒ.സി). രാഹുലിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി എത്തിയ ഐ.ഒ.സി ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ദുബയ്, ഷാര്‍ജ, അബുദബി എന്നിവിടങ്ങളിലെ ഐ.ഒ.സി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തി. പ്രവാസി ഇന്ത്യന്‍ സമൂഹത്തെ സംഘടിപ്പിച്ച് ദുബയില്‍ വന്‍ പൊതു സമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒ.ഐ.സി നേതൃത്വം. അരലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാഹുലിന്റെ വിദേശ പര്യടനങ്ങള്‍. യുറോപ്യന്‍ പര്യടനം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് രാഹുല്‍ തിരിച്ചെത്തിയത്.