തിരുവനന്തപുരം - കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ മാനുവല്‍ ഹോള്‍ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.
കഴക്കൂട്ടം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ മടങ്ങി. വ്യാഴാഴ്ച രാവിലെ ഫോറന്‍സിക്ക് വിഭാഗം എത്തിയശേഷം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.