Sorry, you need to enable JavaScript to visit this website.

പി. വി. സത്യനാഥന്റെ കൊല; പോലീസ് നിലപാട് ദുരൂഹം

വടകര- സി. പി. എം നേതാവ് പി. വി സത്യനാഥനെ കൊല ചെയ്തിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത അകറ്റാന്‍ പോലീസിന് ഇത് വരെ സാധിച്ചില്ലെന്ന് കെ. കെ രമ എം. എല്‍. എ ആരോപിച്ചു. കൊയിലാണ്ടിയില്‍ സത്യനാഥന്റെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 

തെളിവുകള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് പോലീസ് അന്വേഷണം ത്വരിതപ്പെടുത്തേണ്ടതുണ്ട്. കൊല നടന്ന് ആറാം ദിവസമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തയ്യാറായത്. പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇനി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നൊരു മനോഭാവത്തിലാണ് പോലീസ് നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത്. 

ഭരണകക്ഷിയുടെ പ്രധാനപ്പെട്ട ഒരു നേതാവ് കൊല ചെയ്യപ്പെട്ടിട്ട് അന്വേഷണം എന്തുകൊണ്ടിത്ര ലാഘവത്തില്‍ നടക്കുന്നു എന്നത് ദുരൂഹമാണ്. തന്റെ വീട്ടിന് മുമ്പിലൂടെ നിത്യേന നടന്നു പോകുന്ന ഒരാളെ കൊല ചെയ്യുന്നതിന് ജന നിബിഡമായ ഉത്സവപ്പറമ്പ് തന്നെ പ്രതി എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നത് ദുരൂഹമാണ്. കൊല ചെയ്യുപ്പെട്ടയാളും കൊലയാളിയും ഒരേ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് എന്നത് ഈ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. 

ജനനിബിഡമായ ഉത്സവപ്പറമ്പില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയുകയായിരുന്ന സത്യനാഥനെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ, ഒച്ചയനക്കങ്ങളില്ലാതെ, ഒരു പിടച്ചില്‍ പോലുമില്ലാതെ, നിമിഷ നേരം കൊണ്ട് കൊലപ്പെടുത്താന്‍, തികഞ്ഞ പരിശീലനം സിദ്ധിച്ച ഒരു പ്രൊഫഷണല്‍ കൊലയാളിക്ക് മാത്രമേ കഴിയൂ എന്നത് വ്യക്തമാണ്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. പ്രതി ജീവിതത്തിലാദ്യമായി ചെയ്ത ഒരു കുറ്റകൃത്യമല്ലിത്. പെട്ടെന്നുണ്ടായ ഒരു വികാരത്താല്‍ നടത്തിയ കൊലയുമല്ല. അതുകൊണ്ടുതന്നെ ഇയാളുടെ മുന്‍കാല ചെയ്തികള്‍ പഴുതുകളില്ലാതെ അന്വേഷിച്ച് പുറത്തു കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ച് സി. പി. എം എന്ന പാര്‍ട്ടി, അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇത്തരം ഒരന്വേഷണം പരമ പ്രധാനമാണ്. ജില്ലക്കകത്തും അയല്‍ ജില്ലകളിലുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രതിയുമായുള്ള ബന്ധവും അന്വേഷിക്കേണ്ടതുണ്ടെന്നും കെ. കെ. രമ എം. എല്‍. എ പറഞ്ഞു. 

കേസന്വേഷണത്തിലെ മെല്ലെപ്പോക്ക് ജനങ്ങള്‍ ക്കിടയില്‍ പലതരം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് രമ പറഞ്ഞു. വീട്ടിലെത്തിയ എം. എല്‍. എ സത്യനാഥന്റെ ഭാര്യയേയും മക്കളേയും ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളോടും നാട്ടുകാരോടും വിവരങ്ങള്‍ ആരാഞ്ഞു. സത്യം പുറത്തു കൊണ്ടുവരുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Latest News