യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറികളിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഗാസ യുദ്ധ നയത്തിനെതിരായ വികാരം കനക്കുന്നു. ഏറ്റവുമൊടുവിൽ മിഷിഗണിലെ പ്രൈമറിയിൽ ബൈഡൻ വിജയിച്ചുവെങ്കിലും അദ്ദേഹത്തെ പിന്തുണ ഉറപ്പ് നൽകാത്ത പാർട്ടി അണികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. അമേരിക്കയിൽ അറബ് വംശജർ ധാരാളമുള്ള സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗൺ.
പ്രൈമറിയിലെ വോട്ടെണ്ണലിന്റെ ആദ്യ വിവരം പുറത്തുവന്നപ്പോൾ ബൈഡന് 80 ശതമാനത്തിലേറെ പേരുടെ പിന്തുണയുണ്ട്. അതേസമയം ബൈഡന് പിന്തുണ ഉറപ്പ് നൽകാതെ 'അൺകമിറ്റഡ്' എന്ന് രേഖപ്പെടുത്തിയവർ 14.5 ശതമാനമാണ്. ഏതാണ്ട് 33,000 പേരാണ് അൺകമിറ്റഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിനുമുമ്പ് ഈ വിഭാഗത്തിന് പരമാവധി പതിനായിരം പേരുടെ പിന്തുണ കിട്ടിയേക്കുമെന്നാണ് കരുതിയിരുന്നത്. ഗാസയിൽ വംശഹത്യ നടത്താൻ ഇസ്രായിലിന് ആയുധങ്ങളും എല്ലാവിധ പിന്തുണയും നൽകുന്ന ബൈഡന്റെ നയത്തിൽ എതിർപ്പുള്ള ഡെമോക്രാറ്റ് അണികളുടെ എണ്ണം കൂടിവരുന്നതായാണ് വോട്ടെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. പ്രൈമറിക്കുമുമ്പ് മിഷിഗണിലെ അറബ് അമേരിക്കൻ സമൂഹം വലിയ തോതിൽ ക്യാമ്പയിൻ നടത്തിയിരുന്നു.
അതേസമയം മിഷിഗണിലെ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് ജയം. ആദ്യഫലസൂചന അനുസരിച്ച് ട്രംപിന് 64 ശതമാനം വോട്ടുണ്ട്. എതിരാളിയായ നിക്കി ഹേലിക്ക് 32 ശതമാനവും.