മുംബൈ- ഓല ഡ്രൈവറുടെ ആത്മഹത്യ തട്ടിപ്പ് യൂട്യൂബർ ക്യാമറയിൽ പകർത്തി പുറം ലോകത്തെ അറിയിച്ചതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ സമാന അനുഭവങ്ങൾ പങ്കുവെച്ചു. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഡ്രൈവർ ആവർത്തിച്ച് പറയുന്ന വീഡിയോ
യൂട്യൂബർ അനിഷ ദീക്ഷിതാണ് പോസ്റ്റ് ചെയ്തത്.
അനീഷ ദീക്ഷിത് ഇൻസ്റ്റഗ്രാമിലാണ് ഓല ഡ്രൈവറുമായി നടത്തിയ സംഭാഷണം പങ്കുവെച്ചത്. ബാന്ദ്രയിലെ വീട്ടിൽ നിന്ന് ഓട്ടം ബുക്ക് ചെയ്ത താൻ ക്യാബിൽ പ്രവേശിച്ചയുടൻ തന്നെ ഡ്രൈവർ അനിയന്ത്രിതമായി കരയാൻ തുടങ്ങിയെന്ന് ദീക്ഷിത് വിവരിച്ചു. തൻ്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഒരു മണിക്കൂർ മുമ്പ് കവർച്ചക്കിരയായെന്നും ക്ഷിതിനെ അറിയിച്ച ഡ്രൈവർ യാത്രയിലുടനീളം ആത്മഹത്യ ചെയ്യുമെന്ന പറച്ചിൽ ആവർത്തിച്ചു. ക്യാബ് ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് പറഞ്ഞ് അവർ പിന്നീട് മറ്റൊരു വീഡിയോയും പങ്കുവെച്ചു.
ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും കേൾക്കാതെയുള്ള ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയവും തോന്നിയെന്ന് ദീക്ഷിത് പറഞ്ഞു. തന്നെ കുറിച്ച് പരാതിപ്പെടരുതെന്നും ഡ്രൈവർ ആവർത്തിച്ച് പറഞ്ഞിരുന്നു. തനിക്ക് അത്യാവശ്യമായി ഫോൺ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡ്രൈവർ ഓടിച്ചു പോയെന്നും അനിഷ ദീക്ഷിത് വിവരിച്ചു. യാത്രക്കാരിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള തട്ടിപ്പായിരിക്കുമോ എന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ സമാന അനുഭവങ്ങൾ തങ്ങൾക്കുമുണ്ടായെന്ന് നിരവധി പേർ കമന്റുകളായി പോസ്റ്റ് ചെയ്തു.