അഹമ്മദാബാദ് - ഗുജറാത്ത് തീരത്ത് ബോട്ട് മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 3,300 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. 1000 കോടി രൂപയിലധികം വില വരുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. ഇറാന്‍, പാകിസ്ഥാന്‍ സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ നൊവിക സേനയും ഗുജറാത്ത് എടിഎസ് അടക്കമുള്ള ഏജന്‍സികളും നടത്തിയ പരിശോധനയിലാണ് തീരത്ത് നിന്ന് സംശയാസ്പദമായി ഒരു ബോട്ട് കണ്ടെത്തുന്നത്. ബോട്ടില്‍ നിന്ന് 3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവ പിടികൂടി. പ്രതികളെ പോര്‍ബന്ദര്‍ തീരത്തെത്തിച്ച് എന്‍ സി ബി അടക്കമുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ഇവരുടെ രാജ്യാന്തര ലഹരിക്കടത്ത് ബന്ധവും അന്വേഷിക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണിത്.