ന്യൂദൽഹി-ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ത്യാ പ്രവേശനത്തിന്റെയും മതത്തിന്റെയും തെളിവുകൾ ഹാജരക്കണമെന്ന ചട്ടം ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരിക. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.എ.എ പ്രാബല്യത്തിൽ വരുന്ന തീയതി പറയാൻ കഴിയില്ലെങ്കിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടപ്പിലാക്കിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
നാല് വർഷം മുമ്പ് സി.എ.എ നിലവിൽ വന്നിട്ടും നിയമങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല.പുതിയ നിയമപ്രകാരം പൗരത്വത്തിനുള്ള യോഗ്യത തെളിയിക്കുന്നതിന് അപേക്ഷകർ ഹാജരാക്കേണ്ട തെളിവുകൾ ചട്ടങ്ങളിൽ വ്യക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാരെയാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ സി.എ.എ അനുവദിക്കുന്നത്. അപേക്ഷകർ നിർബന്ധമായും ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന, ബുദ്ധ സമുദായങ്ങളിൽ പെട്ടവരായിരിക്കണം. മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലും ഈ സമുദായക്കാർക്ക് മതപരമായ പീഡനം നേരിട്ടുവെന്ന അനുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പൗരത്വം നൽകുന്നത്.
2014 ഡിസംബർ 31-ന് മുമ്പാണ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് വന്നതെന്നും നിയമത്തിൽ പരാമർശിച്ചിരിക്കുന്ന മതങ്ങളിലൊന്നിൽ പെട്ടയാളാണെന്നും തെളിയിക്കാൻ ആവശ്യമായ രേഖകളുടെ വിവരങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുന്ന ചട്ടങ്ങളിലുണ്ടാകും. മതം പ്രഖ്യാപിക്കുന്ന സർക്കാർ രേഖകളുടെ ഏതു രൂപവും തെളിവായി സ്വീകരിക്കും. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്സി, ജൈന അല്ലെങ്കിൽ ബുദ്ധമതക്കാരനാണെന്ന് പ്രഖ്യാപിച്ചതായി കാണിക്കുന്ന ഏതെങ്കിലും സർക്കാർ രേഖ ഹാജരാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കുമ്പോൾ അവിടെ മതം പ്രഖ്യാപിക്കുന്നുണ്ട്. 2014 ഡിസംബർ 31-ന് മുമ്പ് ആരെങ്കിലും ആധാർ സ്വന്തമാക്കുകയും നിയമത്തിൽ പരാമർശിച്ചിരിക്കുന്ന ആറിൽ ഒരാളായി മതം പ്രഖ്യാപിക്കുകയും ചെയ്താൽ അത് സ്വീകാര്യമായിരിക്കും.
സിഎഎ പ്രകാരം പൗരത്വത്തിനുള്ള അപേക്ഷ സമയബന്ധിതമായിരിക്കണമെന്ന അസമിൽ നിന്നുള്ള ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സിഎഎയ്‌ക്ക് കീഴിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസമായി പരിമിതപ്പെടുത്താൻ അസം ആവശ്യപ്പെട്ടിരുന്നു. അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിക്കുന്നത് സംസ്ഥാനത്ത് സിഎഎയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്ക് കാരണമാകുമെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്
മതപരമായ പീഡനത്തിന് ഇരയായതിന്റെ തെളിവ് ചോദിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ വന്നവരെല്ലാം പീഡനം നേരിട്ടതുകൊണ്ടോ അല്ലെങ്കിൽ പീഡിപ്പിക്കപ്പെടുമെന്ന ഭയം കൊണ്ടോ ആണെന്ന് അനുമാനിക്കും.