ബംഗളൂരു- രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സയ്യിദ് നസീർ ഹുസൈൻ വിജയിച്ചതിന് പിന്നാലെ കോൺഗ്രസ് അനുഭാവികൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ബിജെപി ആരോപിച്ചു. അതേസമയം തന്റെ അനുയായികളിൽ ചിലർ 'നസീർ സാബ് സിന്ദാബാദ്' എന്നാണ് വിളിച്ചതെന്ന് നസീർ ഹുസൈൻ പറഞ്ഞു.
കോൺഗ്രസ് അനുഭാവികൾ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ബിജെപി കർണാടക നിയമസഭയ്ക്ക് പുറത്ത് ബുധനാഴ്ച പ്രതിഷേധ പ്രകടനം നടത്തി. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംഭവം സംപ്രേഷണം ചെയ്ത ടിവി ചാനലുകളിൽ നിന്ന് പോലീസ് വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര ബുധനാഴ്ച പറഞ്ഞു.
ഇത്തരമൊരു മുദ്രാവാക്യം ഉയർത്തിയതായി ഫോറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് വിധാന സൗധയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ആരോപണങ്ങൾ നിഷേധിച്ച ഹുസൈൻ അനുയായികളിൽ ചിലർ “നസീർ സാബ് സിന്ദാബാദ്” മുദ്രാവാക്യം ഉയർത്തിയിരുന്നുവെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് വിഷയം ഉന്നയിച്ചുകൊണ്ട് കോൾ ലഭിച്ചു. ഞാൻ ആ ആളുകളുടെ നടുവിലായിരുന്നു, അത്തരം മുദ്രാവാക്യങ്ങളൊന്നും കേട്ടിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കട്ടെ-അദ്ദേഹം പറഞ്ഞു.