തൃശൂര്‍ - സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് തൃശൂരിലെത്തിയ വി.എസ്. സുനില്‍കുമാറിന് തൃശൂര്‍ നഗരത്തില്‍ വന്‍ വരവേല്‍പ്പ്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളെത്തി.
ന്നാ മ്മക്ക് ഇറങ്ങല്ലെ എന്നെഴുതിയ ബാനറിനു മുന്നിലായി സുനില്‍കുമാര്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു നടന്നു. സുനില്‍കുമാറിന് ഒപ്പം സെല്‍ഫിയെടുക്കാനും തിരക്കായിരുന്നു.
റോഡ് ഷോക്ക് അകമ്പടിയായി താളമേളങ്ങളും, കമ്പിത്തിരി, ലാത്തിരി, പൂത്തിരികളും ഉണ്ടായിരുന്നു. സുനിച്ചേട്ടന്‍ തൃശൂരിന്റെ ചങ്കാണ്, തൃശൂര്‍ സുനിക്കുള്ളതാ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു.
ബാനറിന് പിന്നിലായി ഇടതു നേതാക്കളുടെ ഒരു വലിയ നിര തന്നെ അണി നിരന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഖാദര്‍ തുടങ്ങി എല്ലാ ഘടക കക്ഷികളുടേയും നേതാക്കന്‍മാര്‍ അണി നിരന്നു.
റോഡ് ഷോക്ക് മുന്നിലായി പോയിരുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ അനൗണ്‍സ് ചെയ്തിരുന്നത് തൃശൂര്‍ എംഎല്‍എ യും സിപിഐ അസി.സെക്രട്ടറിയുമായ പി.ബാലചന്ദ്രനായിരുന്നു.
ലോക്‌സഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. പുത്തൂര്‍, പെരിങ്ങോട്ടുക്കര, ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ബൈക്ക് റാലികളും സംഘടിപ്പിച്ചു. ഇടതുപക്ഷത്തിന്റെ കൈയില്‍ ജനങ്ങള്‍ തൃശൂരിനെ ഏല്‍പ്പിക്കും എന്നാണ് വിശ്വസിക്കുന്നതെന്ന് വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.