മലപ്പുറം- കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരം നടക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്‍ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനക്ഷേമ ബോര്‍ഡ് മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസറെ ഉപരോധിച്ചു. ജനുവരിയില്‍ നടക്കേണ്ട കേരളോത്സവം സംസ്ഥാനതല മത്സരം ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞ് മൂന്ന് മാസക്കാലമായിട്ടും നടന്നിട്ടില്ല. ഇനിയെന്ന് നടക്കുമെന്നു വ്യക്തതയില്ലായെന്നതാണ് ജില്ലാ ഓഫീസര്‍ അറിയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാതലം വരെ സാധാരണ പോലെ ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃത്യമായി മത്സരങ്ങള്‍ നടന്നു കഴിഞ്ഞതാണ്. എന്നാല്‍ ഇതുവരെ ജില്ലാ പഞ്ചായത്തിനും മറ്റും നടത്തിപ്പിനുള്ള ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുമില്ല. സംസ്ഥാന തല മത്സരം നടക്കാത്തതിനാല്‍ ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും അനിശ്ചിതത്വത്തിലാണ്. മാത്രമല്ല ജില്ലാ, സംസ്ഥാന മത്സരങ്ങളിലെ ജേതാക്കളായ ക്ലബ്ബുകള്‍ക്കും പ്രതിഭകള്‍ക്കുമുള്ള പ്രൈസ് മണിയും ഇവന്റ് നടക്കാത്തതിനാല്‍ നഷ്ടമാകും.
കേരളോത്സവം കൃത്യമായി നടത്തുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കേരളത്തിലെ സര്‍ഗ പ്രതിഭകളായ യുവജനങ്ങളുടെ അവസരം നിഷേധിക്കുന്ന നിലപാടാണ്. സര്‍ക്കാരിന്റെ നിഷ്‌ക്രിയവും യുവജന വഞ്ചനക്കെതിരെയുമാണ് യൂത്ത് ലീഗ് പ്രതിഷേധിച്ചത്. സര്‍ക്കാരിനോ വകുപ്പ് മന്ത്രിക്കോ യുവജനക്ഷേമ ബോര്‍ഡിനോ ബന്ധപ്പെട്ട അധികാരികള്‍ക്കോ യുവജനങ്ങളുടെ കാര്യത്തില്‍ നിഷ്‌ക്രിയ നിലപാടാണ്. യു.ഡി.എഫ് ഭരണകാലത്ത് കേരളോത്സവമടക്കം മത്സരങ്ങളും ക്ലബുകള്‍ക്കുള്ള ആനുകൂല്യങ്ങളും കൃത്യമായി നടന്നിട്ടുള്ളതും മലപ്പുറം ജില്ലയില്‍ മാപ്പിള കലാ പ്രോത്സാഹന പദ്ധതിയായി ഇശല്‍ പെരുമയും യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കലകളെ പരിപോഷിപ്പിക്കുന്നതടക്കം മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവ പരിപാടികളടക്കം വിപുലമായി നടത്തിയത് മാതൃകാപരമായിരുന്നു. യുവജനങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണമെന്നും കേരളോത്സവം വേഗത്തില്‍ നടത്തണമെന്നും അല്ലാത്തപക്ഷം സമരങ്ങള്‍ അധികാരികള്‍ നേരിടേണ്ടി വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. സമരക്കാരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ഉപാധ്യക്ഷന്‍ സലാം വളമംഗലം, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍, സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ സജീര്‍ കളപ്പാടന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.