കണ്ണൂർ - സിപിഎം ഭരിക്കുന്ന എരമംകുറ്റൂർ ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ വ്യാപകമായി നടക്കുന്ന തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും ചേർന്നുള്ള കൂട്ടുകെട്ടാണ് വ്യാപകമായ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ജോലി ചെയ്യാത്ത സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരെ കൂലി എത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കുറച്ചുപേർ ജോലി എടുക്കുകയും മറ്റുചിലർ ജോലി എടുത്തതായി രേഖകളിൽ കാണിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പ്രശ്‌നം ഒതുക്കാൻ അധികൃതർ ശ്രമിക്കുകയാണ്. യഥാർത്ഥ തൊഴിലാളികളുടെ ജോലിയും കൂലിയും തട്ടിയെടുക്കുകയാണ്. മാതൃകാപരമായി സുതാര്യമായി നടക്കേണ്ട തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു