ന്യൂദല്‍ഹി - ദേശീയപാതകളിലെ അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികള്‍ ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള പരാതി പരിഹാര സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആശങ്ക പ്രകടിപ്പിച്ചത്. ദേശീയ പാതയിലെ കൈയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടര്‍ച്ചയായി പരിശോധിക്കാന്‍ ഒരു പദ്ധതി തയാറാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് (എന്‍എച്ച്എഐ) ബെഞ്ച് നിര്‍ദേശിച്ചു. പരാതി പരിഹാര സംവിധാനം സ്ഥാപിക്കണമെന്നും റിപോര്‍ട്ട് ചെയ്യുന്ന അനധികൃത കൈയേറ്റങ്ങളില്‍ സത്വര നടപടി സ്വീകരിക്കുകയും വേണമെന്ന് ബെഞ്ച് വ്യക്തമാക്കി. ഹൈവേകള്‍ പതിവായി പരിശോധിക്കുന്നതിനും പരാതി പരിഹാര സംവിധാനം സ്ഥാപിക്കുന്നതിനും പരാതികളുടെ അടിസ്ഥാനത്തില്‍ ഉടനടി നടപടിയെടുക്കുന്നതിനുമായി ഒരു പദ്ധതി തയാറാക്കാന്‍ ദേശീയപാത അതോറിറ്റിയോട് നിര്‍ദ്ദേശിക്കുന്നുവെന്ന് ബെഞ്ച് പറഞ്ഞു. ഹൈവേകളിലെ അനധികൃത കൈയേറ്റങ്ങളും മറ്റും പരിശോധിക്കാന്‍ അതോറിറ്റിയുടെ കൈവശം സംവിധാനങ്ങളൊന്നുമില്ലെന്ന് തങ്ങള്‍ കണ്ടെത്തിയതായി ബെഞ്ച് പറഞ്ഞു.