Sorry, you need to enable JavaScript to visit this website.

ഹൈദരാബാദിന് നാലു വിക്കറ്റ് തോൽവി

മുംബൈ- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഈ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആദ്യതോൽവി. മുംബൈ ഇന്ത്യൻസിനോട്  നാലു വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ എട്ടു പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. മൂന്നു കളികൾ വീതം പിന്നിട്ട ഹൈദരാബാദും മുംബൈയും ഇതോടെ രണ്ടു വിജയം സ്വന്തമാക്കി. ഇരുടീമുകളും ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തു. നിതീഷ് റാണയും പാർത്ഥിവ് പട്ടേലും  ക്രുണാൽ പാണ്ഡേയുമാണ് മുംബൈയുടെ വിജയ ശിൽപികൾ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പാർത്ഥിവ് 24 പന്തിൽ 39 റൺസ് സ്വന്തമാക്കി. നാലാമത്തെ ഓവറിൽ ജോസ് ബട്‌ലറെയും അഞ്ചാം ഓവറിൽ രോഹിത് ശർമ്മയെയും നഷ്ടമായെങ്കിലും മുംബൈ താളം തെറ്റാതെ പിടിച്ചുനിന്നു. റാണ 36 പന്തിൽ 45 റൺസ് നേടി. രണ്ട് സിക്‌സിന്റെയും മൂന്നു ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു റാണയുടെ പടയോട്ടം. മൂന്നു വീതം സിക്‌സും ഫോറും അടിച്ച് 20 പന്തിൽ പാണ്ഡേ 37 റൺസും സ്വന്തമാക്കി. രോഹിത് ശർമ (4), പൊള്ളാർഡ് 11 റൺസും നേടി. ഹാർദിക് പാണ്ഡേ (2), ഹർഭജൻ സിംഗ്(3) എന്നിവർ പുറത്താകാതെ നിന്നു. 
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ശിഖർ ധവാൻ 48 ഉം ഡേവിഡ് വാർണർ 49 റൺസും നേടി. ബെൻ കട്ടിംഗ് ഇരുപതും റൺസ് നേടി. ഹൈദരാബാദ് നിരയിൽ മറ്റൊരാൾക്കും രണ്ടക്കം തികക്കാനുമായില്ല. മുംബൈക്ക് വേണ്ടി ബുംറ മൂന്നും ഹർഭജൻ രണ്ടും വിക്കറ്റ് നേടി. ലസിത് മലിംഗ, ഹാർദിക് പാണ്ഡേ, മിച്ചൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഹൈദരാബാദിന്റെ ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് കൊയ്തു. ആശിഷ് നെഹ്‌റ, റഷീദ് ഖാൻ, ഹൂഡ എന്നിവർ ഓരോ വിക്കറ്റ് നേടി.
പരാജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌നിന്ന് ഹൈദരാബാദ് രണ്ടിലെത്തി. കൊൽക്കത്തയാണ് ഒന്നാമത്. അഞ്ചാം സ്ഥാനത്ത് നിന്ന് മുംബൈ മൂന്നിലുമെത്തി. 


 

Latest News