ന്യൂദൽഹി- തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ വിഷയത്തിൽ പതഞ്ജലി ആയുർവേദ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി. കഴിഞ്ഞ വർഷം നവംബറിൽ ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകിയിട്ടും ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നതിനാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. വിഷയത്തിൽ സുപ്രീംകോടതി പതഞ്ജലിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കമ്പനി ഉടമ്പടി ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച കോടതി, പതഞ്ജലി ആയുർവേദിനും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും കോടതിയലക്ഷ്യകേസിൽ നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
1954 ലെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ്) ആക്റ്റിൽ വ്യക്തമാക്കിയിട്ടുള്ള രോഗങ്ങൾ, അസ്വാസ്ഥ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി പതഞ്ജലി ആയുർവേദിന്റെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതിൽ നിന്നും ബ്രാൻഡിംഗ് ചെയ്യുന്നതിൽ നിന്നും കോടതി വിലക്കുകയും ചെയ്തു. പതഞ്ജലി ആയുർവേദം ഏതെങ്കിലും ഔഷധ സമ്പ്രദായത്തിന് എതിരായി പ്രസ്താവനകൾ നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാറിനെതിരെയും ബഞ്ച് വിമർശനം ഉന്നയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിക്കുമെന്ന് നിയമം പറയുമ്പോൾ നിങ്ങൾ രണ്ട് വർഷമായി കാത്തിരിക്കുന്നുവെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് ബഞ്ച് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സമ്മതിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ നിയമപ്രകാരം നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നും് വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാറിനോട് ബഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.