ന്യൂഡൽഹി - തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗ ഗുരു രാംദേവിനും പതഞ്ജലി ആയുർവേദ കമ്പനി മാനജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്.
യോഗയുടെ സഹായത്തോടെ ആസ്തമയും ഷുഗറും പൂർണമായി ഭേദമാകുമെന്ന പതഞ്ജലി അവകാശവാദത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പി.എസ് പട്വാലിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു (ഐ.എം.എ) വേണ്ടി നൽകിയ ഹരജിയിലാണ് കോടതിവിധി.
ഇത്തരം പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിനെ ജഡ്ജി അമാനുല്ല അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിമർശിച്ചു. സർക്കാർ കണ്ണടച്ച് ഇരിക്കുകയാണെന്നും ഇത്തരം പരസ്യങ്ങളിലൂടെ രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് വളരെ ദൗർഭാഗ്യകരമാണെന്നും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
പതഞ്ജലി ആയുർവേദ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണിപ്പോൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.