ന്യൂദല്‍ഹി-നിശ്ചയിച്ച വിവാഹം നടക്കാതിരുന്നാല്‍ അതിന്റെ പേരില്‍ പുരുഷനെതിരെ വഞ്ചനാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം നടക്കാതിരുന്നതിനെ ത്തുടര്‍ന്ന് പുരുഷനെതിരെ ചുമത്തിയ വഞ്ചനാ കേസ് കോടതിറദ്ദാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടും വിവാഹം മുടങ്ങുകയായിരുന്നു. വിവാഹം കഴിക്കാതെ വഞ്ചിച്ചുവെന്ന് കാണിച്ചാണ് യുവതി നല്‍കിയിരുന്നത്.
വിവാഹം നടക്കാത്തതിന് ഒന്നിലധികം കാരണങ്ങളുണ്ടാകാമെന്നും എന്നാല്‍ ആദ്യം മുതല്‍ തട്ടിപ്പ് നടത്താനുള്ള ഉദ്ദേശമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെങ്കില്‍ വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ചില പ്രത്യേക സാഹചര്യങ്ങളില്‍ വഞ്ചന ഉണ്ടാകാം. ഈ കേസില്‍ വഞ്ചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാനിരുന്ന പുരുഷന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹാലോചന നടത്തുകയും സ്ത്രീയും പുരുഷനും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. വിവാഹം നടത്തുന്നതിനായി 75,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഹോള്‍ ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍ പുരുഷന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി പത്രവാര്‍ത്തയില്‍ നിന്ന് അറിഞ്ഞതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് ഫയല്‍ ചെയ്തത്. വിവാഹം കഴിക്കാനിരുന്ന യുവാവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് യുവതിയുടെ വീട്ടുകാര്‍ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ആദ്യം മുതലേ വഞ്ചിക്കണം എന്ന ഉദ്ദേശം ഇല്ലെന്ന കാരണത്താല്‍ കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.