ബംഗളൂരു-രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എം.എല്‍.എ എസ്ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതായി റിപ്പോര്‍ട്ട്.
തനിക്ക് ഉറപ്പു നല്‍കിയവര്‍ക്കാണ് വോട്ട് ചെയ്തതെന്് ബംഗളൂരുവിലെ യശ്വന്ത്പൂര്‍ സീറ്റിനെ പ്രതിനിധീകരിക്കുന്ന സോമശേഖര്‍ ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ബി.ജെ.പി എം.എല്‍.എ തിടുക്കത്തില്‍ വിധാന സൗധ വിട്ടു. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചന്ദ്രശേഖറിന് വോട്ട് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
സോമശേഖറിന്റെ ക്രോസ് വോട്ടിംഗ് ബി.ജെ.പി വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പോളിംഗ് ഏജന്റുമാരായ ബി.ജെ.പി എം.എല്‍.എമാരായ അരവിന്ദ് ബെല്ലഡ്, വി.സുനില്‍കുമാര്‍ എന്നിവര്‍ പ്രതിപക്ഷ നേതാവ് ആര്‍.അശോകനേയും സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്രക്കും വിവരം നല്‍കി.
കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് സോമശേഖറിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
മണ്ഡലത്തിന്റെ വികസനത്തിന്റെ പേരിലാണ് സോമശേഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ മൂന്ന് വര്‍ഷം കാബിനറ്റ് മന്ത്രിയായിരുന്നിട്ടും സ്വയം വികസിക്കുക മാത്രമാണ് ചെയ്തതെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് മുഖ്യമന്ത്രിയായപ്പോള്‍ കുമാരസ്വാമി അവസരവാദിയായിരുന്നില്ലേ എന്നാണ് സോമശേഖര്‍ തിരിച്ചുചോദിച്ചത്. ജനവിധി തനിക്ക് അനുകൂലമായിരുന്നില്ല എന്ന വസ്തുത മാനിച്ച് അദ്ദേഹം പോസ്റ്റ് നിരസിക്കേണ്ടതായിരുന്നുവെന്നും സോമശേഖര്‍ പറഞ്ഞു.
സോമശേഖര്‍ 2019ലാണ് ബിജെപിയില്‍ ചേര്‍ന്ന് കാബിനറ്റ് മന്ത്രിയായത്. 2023 ലെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം സോമശേഖര്‍ ബി.ജെ.പിയില്‍ നിന്ന് അകലം പാലിച്ചു തുടങ്ങി. പാര്‍ട്ടിയില്‍ തന്നെ ആസൂത്രിതമായി അകറ്റി നിര്‍ത്തുകയാണെന്ന് സോമശേഖര്‍ അവകാശപ്പെട്ടിരുന്നു.
സോമശേഖറുമായുള്ള തന്റെ ബന്ധം വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്നതാണെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ശിവകുമാര്‍ തന്റെ ഗോഡ്ഫാദറാണെന്നും സോമശേഖറും പറഞ്ഞു. അടുത്തിടെ നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു.