ന്യൂഡൽഹി - പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. കോവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. ഇതോടെ ടിക്കറ്റുകൾക്ക് കോവിഡ് കാലത്തിന് മുമ്പുള്ള നിരക്കിലേക്ക് മാറും. ടിക്കറ്റ് നിരക്ക് 45 മുതൽ 50 ശതമാനം വരെയാണ് കുറയുക.
യാത്രക്കാരുടെയും മറ്റും ഏറെ നാളത്തെ മുറവിളിക്കു ശേഷമാണ് റെയിൽവേ അനുകൂല തീരുമാനം അറിയിച്ചത്. സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയൊരു ആശ്വാസം നൽകുന്ന നീക്കമാണിത്. പുതിയ ടിക്കറ്റ് നിരക്ക് ഉടൻ നിലവിൽ വരുമെന്നല്ലാതെ എന്നു മുതൽ പ്രാബല്യത്തിലാവും എന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
കോവിഡ് കാലത്ത് ആൾക്കൂട്ടത്തെ ഒഴിവാക്കാൻ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ നിർത്തിവെച്ചിരുന്നു. കോവിഡിന് ശേഷം പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിച്ചെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്. ഇതാണിപ്പോൾ മാറ്റുന്നത്.