Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത് ലക്ഷത്തിലേറെ കര്‍ഷകരും തൊഴിലാളികളും; ദല്‍ഹി ചുവപ്പിച്ചത് എന്തിന്?

ന്യൂദല്‍ഹി- തലസ്ഥാന നഗരിയെ ചുവപ്പണിയിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു ലക്ഷത്തിലേറെ കര്‍ഷകരും തൊഴിലാളികളും ബുധനാഴ്ച വിവിധ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള കര്‍ഷകരേയും തൊഴിലാളികളും അണിനിരത്തിയ പ്രതിഷേധ ശക്തിപ്രകടനം സിപിഐം പോഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ, സി.ഐ.ടി.യു, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകര്‍ ദല്‍ഹി രാംലീല മൈതാനത്തായിരുന്നു തമ്പടിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഇവിടെ നിന്നും ഇവര്‍ ജന്തര്‍ മന്ദറിലെ പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പടുകൂറ്റന്‍ മാര്‍ച്ച് നടത്തി. ചുവപ്പണിഞ്ഞ നഗരം കര്‍ഷക പ്രതിഷേധത്തില്‍ സ്തംഭിച്ചു. ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിനാളുകള്‍ മാര്‍ച്ചിനായി ദല്‍ഹിയിലെത്തിയത്.

രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ ഇത്രവലിയ പ്രതിഷേധ മാര്‍ച്ച് നടന്നിട്ടും ദേശീയ മാധ്യമങ്ങളില്‍ മിക്കതും ഈ സര്‍ക്കാര്‍ വിരുദ്ധ കര്‍ഷക പ്രക്ഷോഭത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. മാര്‍്ച്ചില്‍ മഹാരാഷ്ട്രയില്‍ അരങ്ങേറിയ പടുകൂറ്റന്‍ കര്‍ഷക പ്രക്ഷോഭ റാലിയുടെ തുടര്‍ച്ചയായാണ് ദല്‍ഹിയിലും ബുധനാഴ്ച പ്രതിഷേധ റാലി നടന്നത്. കര്‍ഷകര്‍ക്കു പുറമെ വിവിധ മേഖലകളിലെ തൊഴിലാളി സംഘടനകളും ഈ റാലിയെ പിന്തുണയ്ക്കുകയും പങ്കെടുക്കുകയും ചെയ്തു.

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മാര്‍ച്ച് എന്തിന്? 
ഒന്നുകില്‍ നയം മാറ്റുക, അല്ലെങ്കില്‍ സര്‍ക്കാര്‍ മാറുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കര്‍ഷകരുടെ പ്രതിഷേധം. ആത്മഹത്യയുടെ വക്കിലെത്തിയ ദരിദ്ര കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, മിനിമം വേതനം 18,000 രൂപയാക്കുക, തൊഴില്‍നിയമങ്ങള്‍ സംരക്ഷിക്കുക, മാന്യമായ തൊഴില്‍സാഹചര്യം ഉറപ്പുവരുത്തുക കര്‍ഷക തൊഴിലാളികള്‍ക്കായി സമഗ്ര നിയമം പാസാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും ഉന്നയിച്ചത്. തൊഴിലുറപ്പ് പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പിലാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യവേതനം ഉറപ്പാക്കുക, ഭൂപരിഷ്‌ക്കരണം നടപ്പാക്കുക, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക, മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നവഉദാര സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

Latest News