Sorry, you need to enable JavaScript to visit this website.

മരുന്നും ചികിത്സയും മുംബൈയിലും കിട്ടും; പ്രജ്ഞാ സിങിനെ ഓര്‍മിപ്പിച്ച് കോടതി

മുംബൈ- മൊഴി നല്‍കാന്‍ കോടതയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറി കളിക്കുന്ന മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി എംപിയുമായ പ്രജ്ഞാ സിങ് താക്കൂറിന് താക്കീത് നല്‍കി കോടതി. ചൊവ്വാഴ്ച മുതല്‍ മുടങ്ങാതെ ഹാജരാകാന്‍ 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതായിയ പ്രജ്ഞാ സിങ് താക്കൂറിനോട് പ്രത്യേക എന്‍.ഐ.എ കോടതി ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകുന്നില്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഫെബ്രുവരി 22 ന് ഹാജരാകുന്നതില്‍നിന്ന്  ഒഴിവാക്കണമെന്ന പ്രജ്ഞാ സിങ് താക്കൂറിന്റെ അപേക്ഷ അനുവദിച്ചുകൊണ്ട് പ്രത്യേക ജഡ്ജി എ.കെ ലഹോട്ടി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രജ്ഞാ സിങ് താക്കൂറും മറ്റ് ആറുപേരും കേസില്‍ വിചാരണ നേരിടുന്നത്.
ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) പ്രകാരമാണ് ദേശീയ അന്വേഷണ ഏജന്‍സി കോടതി നിലവില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത്.
പ്രജ്ഞാ സിങ് താക്കൂറും മറ്റ് ചില പ്രതികളും പതിവായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് പ്രത്യേക ജഡ്ജി ലഹോട്ടി തന്റെ ഉത്തരവില്‍ നിരീക്ഷിച്ചു.
കാലാകാലങ്ങളില്‍ ഇവര്‍ ഉന്നയിച്ച കാരണങ്ങളും ഒഴിവാക്കല്‍ അപേക്ഷകളും കോടതി പരിഗണിച്ചിട്ടുണ്ട്.  ചില പ്രതികള്‍ ഇതര സംസ്ഥാനക്കാരായതിനാല്‍ യഥാസയമം ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി സൂചിപ്പിച്ചിരുന്നു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍, എല്ലാ പ്രതിളേയും തീയതികള്‍ മുന്‍കൂട്ടി നല്‍കുകയാണെന്നും  ഇളവ് പരിഗണിക്കുന്നതല്ലെന്നും കോടതി പറഞ്ഞു.
ചികിത്സയിലാണെന്ന് കാണിച്ചു കൊണ്ടുള്ള പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഹരജിയാണ് കഴിഞ്ഞ 22 ന് കോടതി പരിഗണിച്ചത്. എന്നാല്‍ ഫെബ്രുവരി 27 മുതല്‍ മുടങ്ങാതെ ഹാജരാകണമെന്നും അല്ലേങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് മുംബൈയില്‍ തന്നെ തുടരാമെന്നും അനാരോഗ്യമുണ്ടെങ്കില്‍ മുംബൈയിലും മരുന്ന് ലഭിക്കുമെന്നും  കോടതി ചൂണ്ടിക്കാട്ടി.
2008 സെപ്റ്റംബര്‍ 29 ന് വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവിലെ പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു  പൊട്ടിത്തെറിച്ച് ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസാണിത്.
2011ല്‍ എന്‍ഐഎയ്ക്ക് കൈമാറുന്നതിന് മുമ്പ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് ആദ്യം അന്വേഷിച്ചത്. ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രജ്ഞാസിങ് താക്കൂര്‍.

 

Latest News