Sorry, you need to enable JavaScript to visit this website.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചു, സ്ഥാപനത്തിനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍

തൃശൂര്‍  - വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചെന്ന് ആരോപിച്ചു മിനര്‍വ അക്കാദമിക്കെതിരേ കൂട്ടപ്പരാതിയുമായി വിദ്യാര്‍ഥികള്‍. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി അമ്പതിനായിരം  മുതല്‍ ആറുലക്ഷംവരെ ഫീസ് വാങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഇടങ്ങളില്‍ അംഗീകാരമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളും  മിനര്‍വ അക്കാദമി നടത്തുന്നുണ്ട്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി, അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റാണു നല്‍കുന്നതെന്നു പറഞ്ഞാണ് കോഴ്‌സിനു ചേര്‍ത്തതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വെബ്‌സൈറ്റില്‍ മാര്‍ക്ക്‌ലിസ്റ്റ് ലഭ്യമല്ലെന്നും വിദ്യാര്‍ഥികളുടെ ഫോട്ടോയും പഠിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റും മാത്രമാണു നല്‍കിയിട്ടുള്ളതെന്നും പരാതിക്കാര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റ് അംഗീകാരമില്ലാത്തതാണെന്നും ജോലിക്ക് ഇതു പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍  വഞ്ചനാകുറ്റം ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.
 20 കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനത്തില്‍ 16 ഉം പാരാമെഡിക്കല്‍ കോഴ്‌സുകളാണ്. സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മറ്റു സ്വകാര്യ ആശുപത്രികളില്‍ ജോലിക്കു കയറാനാകുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ  ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. അതിനിടെ എം.ഡി ഉള്‍പ്പെടെ ഉന്നതര്‍ മുങ്ങിയെന്നാണ്  വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നത്. വിവിധ കോഴ്‌സുകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെപഠിക്കുന്നുണ്ട്.
പരാതി നല്‍കിയ ശേഷം വിദ്യാര്‍ഥികള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ തമ്പടിച്ചതോടെ മിനര്‍വ അക്കാദമിയുടെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും പോലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തു. വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പലതും അക്കാദമിയുടെ കൈവശമാണുള്ളത്. ഇവ തിരികെ നല്‍കാനും തയാറായിട്ടില്ല. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തുണ്ട്. തൊഴില്‍ വാഗ്ദാനവും നല്‍കിയിരുന്നു. ബഹളത്തെ തുടര്‍ന്ന് ജീവനക്കാരെ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി.
അതേസമയം കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടെന്നും അതു തെളിയിക്കുമെന്നുമാണ് അക്കാദമി ഭാരവാഹികളുടെ നിലപാട്.

 

Latest News