Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം.പി ബി.ജെ.പിയില്‍ ചേര്‍ന്നു

റാഞ്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കാണ്‍ഗ്രസിന് ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.പിയായ ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു.  സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ ബി.ജെ.പി. അംഗത്വമെടുത്തത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക എം.പിയുടെ പിന്മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാകും.

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയായ ഗീത നിലവില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയില്‍ നിന്നുള്ള എം.പിയാണ്. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ്ഗ സംവരണ സീറ്റാണിത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72,000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീത കോഡ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

ഗന്നത്പുര്‍ നിയോജക മണ്ഡലത്തില്‍നിന്ന് രണ്ടുപ്രാവശ്യം എം.എല്‍.എ. ആയിട്ടുണ്ട് ഗീത. മധു കോഡ 2009ല്‍ സ്ഥാപിച്ച ജെ.ബി.എസ്. പാര്‍ട്ടി അംഗമായിരുന്നു. 2009ല്‍ ജാര്‍ഖണ്ഡില്‍ നിന്ന് വിജയിച്ച ഏക ജെ.ബി.എസ്. എം.എല്‍.എയും ഗീതയായിരുന്നു. 2018ലാണ് ജെ.ബി.എസ്. കോണ്‍ഗ്രസുമായി ലയിച്ചത്.
തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ അതൃപ്തിയാണ് ഗീത പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

 

Latest News