Sorry, you need to enable JavaScript to visit this website.

വയനാട് പുല്‍പള്ളിയില്‍ കൂട്ടിലായത് കര്‍ണാടകയില്‍നിന്നു എത്തിയ ആണ്‍ കടുവ

പുല്‍പള്ളി-വയനാട്ടിലെ പുല്‍പള്ളിക്കടുത്ത് വടാനക്കവലയില്‍ തിങ്കളാഴ്ച രാവിലെ കൂട്ടിലായത് കര്‍ണാടകയില്‍നിന്നു വയനാട്ടിലെത്തിയ ആണ്‍ കടുവ. 2020-21ല്‍ കര്‍ണാടകയിലെ നാഗരഹോള ദേശീയോദ്യാനത്തില്‍ വസിച്ചിരുന്ന നഗരഹോള 21 എം.ടി.കെ. 15 എന്ന ഐഡിയിലുള്ളതാണ് കടുവയെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരീം അറിയിച്ചു. കുറച്ചുകാലമായി വയനാടന്‍ വനത്തിലാണ് ഈ കടുവയുള്ളത്. ഡബ്ല്യു.ഡബ്ല്യു.എല്‍  127 എന്ന ഐഡി നല്‍കിയിട്ടുണ്ട്. കടുവയ്ക്ക് ഏഴു വയസ് മതിക്കും.
നിലവില്‍ സുല്‍ത്താന്‍ ബത്തേരി പച്ചാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തില്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ് കടുവ. പരിശേധനകള്‍ക്കുശേഷം വെറ്ററിനറി ഓഫീസര്‍മാര്‍  നല്‍കുന്ന റിപ്പോര്‍ട്ട് എക്‌പേര്‍ട്ട് കമ്മിറ്റി വിലയിരുത്തും. റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയുടെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കും. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി ചുറ്റിത്തിരിയുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത  കടുവയാണ് കൂട്ടിലായത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതനുസരിച്ച് വനസേന സ്ഥാപിച്ചതാണ് കൂട്. പലയിടങ്ങളിലായി മൂന്ന് കൂട് സ്ഥാപിച്ചിട്ടും പിടിയിലാകാത്തതിനെത്തുടര്‍ന്ന് കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ചീഫ്  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായിരുന്നു. മയക്കുവെടിവെച്ച് പിടിക്കുന്ന കടുവയെ മതിയായ പരിചരണം നല്‍കിയശേഷം വനത്തില്‍ മോചിപ്പിക്കാണ് ഉത്തരവില്‍ നിര്‍ദേശം. കടുവയെ വനത്തില്‍ വിടുന്നത് ജനകീയ പ്രതിഷേധങ്ങള്‍ക്കു കാരണമാകും. ഉള്‍ക്കാട്ടില്‍ വിട്ടാലും കടുവ നാട്ടിലെത്തുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്നാണ് അവരുടെ ആവശ്യം.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പയ്ക്കു സമീപം ഞായറാഴ്ച വൈകുന്നേരം കടുവ ആക്രമണത്തില്‍ പോത്ത് ചത്ത സംഭവത്തില്‍ നാട്ടുകാര്‍ നടത്തിയ സമരം ഒത്തുതീര്‍ന്നു.  പോത്തിന്റെ ജഡവുമായി  തിങ്കളാഴ്ച രാവിലെ നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് എത്തിയ നാട്ടുകാര്‍ പുല്‍പള്ളി-പനമരം റോഡ് ഉപരോധിച്ചിരുന്നു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്ന് റോഡ് ഉപരോധം  ഉച്ചയോടെ നടവയല്‍ ടൗണിലേക്ക് മാറ്റി. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നടവയലിലെ വ്യാപാരികള്‍  ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചകഴിഞ്ഞ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയെത്തുര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പോത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനും നെയ്ക്കുപ്പയില്‍ വനാതിര്‍ത്തിയില്‍ തൂക്കുവേലി എത്രയും വേഗം സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ജില്ലയില്‍ നൂല്‍പ്പുഴ കല്ലൂര്‍, പാമ്പ്ര പ്രദേശങ്ങളിലും കടുവ ശല്യമുണ്ട്. കടുവയെ പിടിക്കുന്നതിന് കല്ലൂരില്‍ കഴിഞ്ഞ ദിവസം കൂട് വെച്ചിട്ടുണ്ട്.

Latest News