ആലപ്പുഴ പിടിക്കാന്‍ കെ സി വേണുഗോപാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

എ. മുഹമ്മദ് ഷാഫി

ആലപ്പുഴ- സി.പി.എമ്മിന്റെ ഏക സിറ്റിംഗ് സീറ്റായ ആലപ്പുഴ പിടിച്ചെടുക്കാന്‍ കെ.സി വേണുഗോപാല്‍ തന്നെ കളത്തിലിറങ്ങണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ജോലിഭാരമേറെയാണെങ്കിലും കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് ഒരു സീറ്റ് എത്തിക്കുകയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യമെന്ന് നേതൃനിരയിലുള്ളവര്‍ പറയുന്നു. കെ.സി വേണുഗോപാല്‍ മല്‍സര രംഗത്തുണ്ടായാല്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിനുമുള്ളത്. പ്രതിപക്ഷനേതാവ് വിഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും നയിക്കുന്ന സമരാഗ്‌നി ജാഥ ആലപ്പുഴയിലെത്തിയപ്പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് കെ സി വേണുഗോപാലാണ്. അന്ന് മണ്ഡലത്തിലെ ചില പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളുമൊക്കെ സന്ദര്‍ശിച്ചാണ് കെ സി മടങ്ങിയത്. ഈ സന്ദര്‍ശനമൊക്കെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ സൂചനകളായിട്ടാണ് പ്രവര്‍ത്തകര്‍ കാണുന്നത്. സിപിഎമ്മിലെ അഡ്വ. എ.എം ആരിഫ് സീറ്റ് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. എതിരാളി ആരെന്ന് അറിഞ്ഞശേഷം അതിനുതകുന്ന തരത്തില്‍ തന്ത്രംമെനഞ്ഞ് പ്രചാരണം കൊഴുപ്പിക്കാനാണ് സിപിഎം നീക്കം.

Latest News