ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പിലെ മത്സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നിലവിലെ കണ്ണൂര്‍ എം പി കൂടിയായ കെ.സുധാകരന്റെ ആവശ്യം എ ഐ സി സി നേതൃത്വം തള്ളി. സുധാകരന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കണമെന്ന് എ ഐ സി സി നേതൃത്വം നിര്‍ദ്ദേശിച്ചു. കെ പി സി സി അധ്യക്ഷ പദവിയും എം പി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സി പി എം കരുത്തനായ എം വി ജയരാജനെ കണ്ണൂരില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തെ നേരിടാന്‍ സുധാകരന്‍ തന്നെ വേണമെന്ന നിലപാടിലേക്ക് എ ഐ സി സി നേതൃത്വം എത്തുകയായിരുന്നു.
പല നേതാക്കളുടേയും പേരുകള്‍ കണ്ണൂര്‍ സീറ്റിലേക്ക് ഉയര്‍ന്നിരുന്നു. അവര്‍ക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ എതിര്‍പ്പും ഉയര്‍ന്നു. ഇതും നേതൃത്വം കണക്കിലെടുത്തു. സുധാകരന് രാജ്യസഭ സീറ്റ് നല്‍കാനും ആലോചന ഉണ്ടായിരുന്നു. എന്നാല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലീംലീഗിന് നല്‍കാന്‍ ധാരണയായതും എ ഐ സി സി നേതൃത്വം കണക്കിലെടുത്തു. കണ്ണൂരില്‍ സുധാകരന്‍ മത്സരത്തിന് ഇല്ലെങ്കില്‍ വിജയ സാധ്യത കുറവാണെന്ന് കെ പി സി സി ഭാരവാഹികള്‍ എ ഐ സി സി നേതൃത്വത്തെ അറിയിച്ചിരുന്നു.