Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ ഐഎന്‍എല്‍ഡി നേതാവടക്കം  മൂന്ന് പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു

ചണ്ഡീഗഡ്-ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍(ഐഎന്‍എല്‍ഡി) ഹരിയാന യൂണിറ്റ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ഝജ്ജര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൌണില്‍ വെച്ചാണ് ഫോര്‍ച്യൂണര്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നഫേ സിങ് റാഠിയേയും കൂടെയുണ്ടായിരുന്നവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന ടൌണിലെയും വിവിധ സ്ഥലങ്ങളിലേയും സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികള്‍ വന്ന വഴിയും, രക്ഷപെടാനുള്ള വഴിയും കണ്ടെത്തുന്നതിന് സമീപത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കര്‍ശന നടപടി സ്വീകരിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കലാജാതിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. ഹരിയാന നിയമസഭയില്‍ രണ്ടുതവണ നിയമസഭാംഗമായിരുന്നു നഫേ സിങ് റാത്തി. ഹരിയാന മുന്‍ ലെജിസ്ലേറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന നഫേ സിങിന്റെ കൊലപാതകം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.

Latest News