ഇറ്റനഗര്‍- അരുണാചല്‍ പ്രദേശിലെ 60 അംഗ നിയമസഭയില്‍ വിരലിലെണ്ണാവുന്ന പ്രതിപക്ഷ എം എല്‍ എമാരില്‍ നാലുപേര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ബി ജെ പിയുടെ നിയമസഭാ അംഗങ്ങളുടെ എണ്ണം 53 ആയി. മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പി സര്‍ക്കാറിന് പുറത്തു നിന്നും പിന്തുണ നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ രണ്ടും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ രണ്ടും എം എല്‍ എമാരാണ് ബി ജെ പിയിലെത്തിയത്. ഇതോടെ കോണ്‍ഗ്രസിനും എന്‍ പി പി ക്കും നിയമസഭയില്‍ രണ്ടു വീതം എം എല്‍ എമാര്‍ മാത്രമായി.
മുതിര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ കേന്ദ്രമന്ത്രിയുമായ നിനോങ് എറിംഗും വാങ്ലിന്‍ ലോവാങ്ഡോംഗും ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുഖ്യമന്ത്രി പേമ ഖണ്ഡു പങ്കെടുത്ത ചടങ്ങില്‍ എന്‍ പിപ ിയുടെ മുച്ചു മിതി, ഗോകര്‍ ബസാര്‍ എന്നിവരും ബി ജെ പിയുടെ ഭാഗമായി.