Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ ചുമരുകളെ വര്‍ണാഭമാക്കി 'ആക്രിക്കട'യിലെ കലാകാരന്‍മാര്‍ വരച്ചത് നൂറിലധികം ചിത്രങ്ങള്‍ 

പരപ്പനങ്ങാടി- കുഞ്ഞുകുട്ടികളുടെ കൊച്ചുമനസിലേക്ക് നിറങ്ങള്‍ നിറയ്ക്കുകയാണ് ചിത്രകലയെ അളവറ്റ് സ്‌നേഹിക്കുന്ന  'ആക്രിക്കട'യിലെ ഒരു കൂട്ടം കലാകാരന്‍മാര്‍. കാതങ്ങള്‍ക്ക് അപ്പുറത്തു നിന്നെത്തി സൗജന്യമായി സ്‌കൂള്‍ അങ്കണങ്ങളില്‍ ആകര്‍ഷകമായ വര്‍ണചിത്രങ്ങള്‍ വരയ്ക്കുന്ന കലാകാരന്‍മാര്‍ പരപ്പനങ്ങാടി ബി. ഇ. എം. എല്‍. പി സ്‌കൂളില്‍ രണ്ടു ദിവസം ക്യാമ്പ് ചെയ്ത് നൂറിലധികം ചിത്രങ്ങളാണ് സ്‌കൂള്‍ ചുമരുകളില്‍ വരച്ചുചേര്‍ത്തത്. 

മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്ത 'ആക്രിക്കട'  എന്ന ആര്‍ട്ട്, ക്രാഫ്റ്റ് കൂട്ടായ്മയിലെ കലാകാരന്‍മാരും കലാകാരികളും അടങ്ങുന്ന 35 അംഗ സംഘമാണ് സ്‌കൂള്‍ ചുമരുകളില്‍ നിറം ചാര്‍ത്തിയത്. സ്‌കൂളിലെ 25 കുട്ടികള്‍ കലാകാരന്‍മാര്‍ക്കൊപ്പം ചിത്രങ്ങള്‍ വരയ്ക്കാനും അവസരം നല്‍കി. 

സ്‌കൂള്‍ അധികൃതരുടെ അഭ്യര്‍ഥന പ്രകാരം മലപ്പുറത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും കലാകാരന്‍മാര്‍ എത്തുകയായിരുന്നു. 11-ാമത്തെ കേരള ആര്‍ട്ട് കാമ്പയിനായിരുന്നു പരപ്പനങ്ങാടിയിലേത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് കൂട്ടായ്മയുടെ ചിത്രകലാ ക്യാമ്പ്. കൊല്ലം അഞ്ചലിലായിരുന്നു ഇതിനു മുമ്പുള്ള ക്യാമ്പ്. ചിത്രങ്ങള്‍ വരയ്ക്കാനുള്ള നിറങ്ങളും മറ്റു സാമഗ്രികളും ഭക്ഷണവും താമസവും മാത്രമാണ് സ്‌കൂളിന് വരുന്ന ചെലവ്. കലാകാരന്‍മാരുടെ സേവനം തികച്ചും സൗജന്യമാണ്. 

ചിത്രകലയോടുള്ള താത്പര്യത്താല്‍ യാത്രാ ചെലവ് വരെ അവര്‍ സ്വയം വഹിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവരാണ് 250ഓളം വരുന്ന കൂട്ടായ്മയിലെ അംഗങ്ങളെന്ന് സെക്രട്ടറി പി. സുന്ദര്‍രാജ് പറഞ്ഞു. 

ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, പ്രവാസികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂട്ടായ്മയിലുണ്ട്. ചിത്രകല ശാസ്ത്രീയമായി പഠിച്ചവരും അല്ലാത്തവരും ഇതില്‍പ്പെടും. ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ മുതല്‍ 70 വയസ് വരെ കൂട്ടായ്മയിലുണ്ട്. സ്‌കൂളുകള്‍ക്ക് പുറമെ അങ്കണവാടികള്‍, കുടുംബശ്രീ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഇവര്‍ സൗജന്യമായി ചിത്രങ്ങള്‍ വരച്ചുനല്‍കാറുണ്ട്. 

നാലു വര്‍ഷം മുമ്പ് കോവിഡ് കാലത്ത് തിരുവനന്തപുരം സ്വദേശികളായ ആദിത്യയും അനുവും ചേര്‍ന്ന് തുടക്കമിട്ട കൂട്ടായ്മ കേരളത്തില്‍ എല്ലായിടത്തും എത്തുന്ന തരത്തിലേക്ക് ഘട്ടം ഘട്ടമായി വളരുകയായിരുന്നു.

Latest News