Sorry, you need to enable JavaScript to visit this website.

ഭരണഘടന സംരക്ഷിക്കുന്നതിൽ ഇന്ത്യയിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു-ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂദൽഹി- ജനാധിപത്യത്തെയും ഭരണഘടനയെയും സത്യത്തെയും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്. നാലാംതൂൺ എന്ന് അറിയപ്പെടുന്ന മാധ്യമങ്ങൾ തകർന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് (സി.ജെ.എ.ആർ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുവരുന്ന വസ്തുതകളുടെ നിർഭയവും സത്യസന്ധവുമായ കാര്യങ്ങൾ ആരും കണ്ടെത്തുന്നില്ല. ഒന്നോ രണ്ടോ ഡിജിറ്റൽ മാധ്യമങ്ങൾ മാത്രമാണ് സത്യസന്ധമായ കാര്യങ്ങൾ പറയുന്നത്. അഞ്ചാം സ്തംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പുറത്തുവരുന്ന വസ്തുതകളുടെ നിർഭയവും സത്യസന്ധവുമായ ഒരു പതിപ്പും ഞങ്ങൾ കണ്ടെത്തുന്നില്ല. നാലാം സ്തംഭം രാജ്യത്തെ പരാജയപ്പെടുത്തി എന്നതാണ് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരം. ആദ്യത്തെ മൂന്ന് തൂണുകളെ മറന്നേക്കുക. നാലാമത്തെ തൂണാണ് മാധ്യമങ്ങൾ. ജനാധിപത്യം സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഭരണഘടനയെ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെട്ടു. സത്യത്തെ പ്രതിരോധിക്കുന്നതിൽ അവർ പരാജയപ്പെട്ടു. വിസിൽ ബ്ലോവർമാരാണ് ഏക പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിസിൽബ്ലോവർമാർക്കും ശക്തമായി വിസിലൂതാൻ കഴിയുന്നില്ല. ഒരുപക്ഷെ കോവിഡിന് ശേഷമുള്ള അസുഖം അവരുടെ ശ്വാസകോശത്തെയും ബാധിച്ചിരിക്കാം. ആരും വിസിൽ മുഴക്കാതിരിക്കാൻ ശ്വാസകോശം തകർക്കുന്ന രീതി രാജ്യത്തിന് വളരെ അപകടകരമാണ്. അതിൽ വിസിൽബോവർമാരെ നാം സംരക്ഷിക്കേണ്ടതുണ്ട്. അവർക്ക് വേണ്ടി എഴുന്നേറ്റു നിൽക്കേണ്ടതുണ്ട്. നിങ്ങൾ ജാഗ്രത പാലിക്കണം. രാജ്യത്ത് അവശേഷിക്കുന്ന ഏതാനും വിസിൽ ബ്ലോവർമാർക്കൊപ്പമെങ്കിലും നാം നിൽക്കേണ്ടതുണ്ട്. അതിൽ മാത്രമാണ് നമുക്ക് പ്രതീക്ഷയുള്ളതെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.
 

Latest News