Sorry, you need to enable JavaScript to visit this website.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഹിന്ദുത്വ പ്രവര്‍ത്തകരുടെ വന്‍ സ്വീകരണം

സൂറത്ത്- അജ്മീര്‍ ദര്‍ഗയില്‍ 2007ല്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് പിന്നീട് ജാമ്യം ലഭിച്ച പ്രതിക്ക് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വമ്പന്‍ സ്വീകരണം നല്‍കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗുജറാത്തിലെ ഭറൂച് സ്വദേശി ഭാവേശ് പട്ടേല്‍ (40), അജമീര്‍ സ്വദേശി ദേവേന്ദ്ര ഗുപ്ത (42) എന്നിവര്‍ക്ക് ഏതാനും ദിവസം മുമ്പ് രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഭാനേശ് പട്ടേലിനാണ് ജന്മനാടായ ഭറൂച്ചില്‍ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ സ്വീകരണ പരിപാടി ഒരുക്കിയത്. ജയ്പൂരിലെ ജയിലില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗുജറാത്തില്‍ തിരിച്ചെത്തിയ ഭാവേഷിന് ഭറൂച് റെയില്‍വെ സ്റ്റേഷനില്‍ വന്‍ ജനാവലി പങ്കെടുത്ത സ്വീകരമാണ് നല്‍കിയത്. ജയിലില്‍ വച്ച് സന്യാസിയായി സ്വാമി മുക്താനന്ദ എന്ന പേര് സ്വീകരിച്ച ഭാവേഷ് പിന്നീട് ദണ്ഡിബസാരിലെ സ്വാമിനാരായന്‍ ക്ഷേത്രത്തില്‍ നിന്നും ബി.ജെ.പി, വി.എച്.പി നേതാക്കളും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ട ജാഥയായാണ് ഹഥിഖാനയിലെ വീട്ടിലേക്കു തിരിച്ചത്. ജനക്കൂട്ടം അദ്ദേഹത്തെ വീട്ടിലേക്കുള്ള വഴിയിലുടനീളം ചുമലിലേറ്റിയും പനിനീര്‍പൂ ദളങ്ങള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായാണ് കൊണ്ടു പോയത്. ആഘോഷം കൊഴുപ്പിക്കാന്‍ ഡിസ്‌ക് ജോക്കിയേയും ക്ഷണിച്ചിരുന്നു.

ഭറൂച് മുനിസിപാലിറ്റി ബി.ജെ.പി പ്രസിഡന്റ് സുരഭിബെന്‍ തമകുവാല, കൗണ്‍സിലര്‍ മാരുതിസിന്‍ഹ് അതോദരിയ, വി.എച്.പി നേതാവ് വിരള്‍ ദേശായി, പ്രാദേശിക ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭാവേഷും ദേവേന്ദ്രയും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. ഈ ജാഥയില്‍ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വാട്‌സാപ്പില്‍ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടിക്കെത്തിയതെന്നും ഭാവേഷിനെ തനിക്കറിയില്ലെന്നുമായിരുന്നു ബി.ജെ.പി നേതാവ് സുരഭിബെന്നിന്റെ മറുപടി. ഈ വിഷത്തെ കുറിച്ച് സംസാരിക്കില്ലെന്നും അവര്‍ പറഞ്ഞു. 

ഹഥിഖാന തന്റെ വാര്‍ഡ് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഭാവേഷിനെ ചെറുപ്പം തൊട്ടെ അറിയും. ജയിലില്‍ വച്ച് അദ്ദേഹം സന്യാസിയായ വിവരം അറിഞ്ഞിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തുവെന്ന് മുനിസിപ്പല്‍ കൗണ്‍സിലറായ മാരുതിസിന്‍ഹ് പറഞ്ഞു. ഭാവേഷിന്റെ സഹോദരന്‍ ക്ഷണിച്ചതിനെ തടര്‍ന്നാണ് പരിപാടിക്കെത്തിയതെന്ന വി.എച്.പി ദക്ഷിണ ഗുജറാത്ത് വക്താവായ വിരള്‍ ദേശായി പറഞ്ഞു. ഭാവേഷ് തന്റെ ഉറ്റ സുഹൃത്തായിരുന്നുവെന്നും ആര്‍.എസ്.എസില്‍ സജീവമായിരുന്നെന്നും അദ്ദേഹം പറയുന്നു.
 

Latest News