ന്യൂദൽഹി- ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകിയതിനെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധം. രാജ്യത്തിന്റെ പരമാധികാരത്തിൽ നിന്നുള്ള വ്യതിചലനമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എന്നാണ് ഡോവൽ അഭിപ്രായപ്പെട്ടത്.
ജമ്മു കശ്മീരിന് പ്രത്യേക സ്വയം ഭരണ പദവി നൽകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കെ ഡോവൽ പറഞ്ഞത് സർക്കാർ നയമാണോ എന്ന് വെളിപ്പെടുത്തണമെന്ന് കശ്മീരി സംഘടനകൾ ആവശ്യപ്പെട്ടു. വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് ഡോവലിന്റെ വിവാദ പരാമർശം.
‘പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാൽ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. പക്ഷേ, ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് ജമ്മു കശ്മീരിൽ. ഇത് പരമാധികാരത്തിൽനിന്നുള്ള വ്യതിചലനമാണ്’– ഡോവൽ പറഞ്ഞു.
വല്ലഭായി പട്ടേലിന്റെ സംഭാവന നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനല്ല അതൊക്കെ അവസാനിപ്പിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോവലിന്റെ പ്രസ്താവനയോട് കേന്ദ്ര സർക്കാർ പ്രതികരിക്കണമെന്ന്
നാഷണൽ കോൺഫറൻസ് നേതാവ് മുസ്തഫ കമാൽ ആവശ്യപ്പെട്ടു. സർക്കാർ മറുപടി നൽകിയില്ലെങ്കിൽ സർക്കാർ നിർദ്ദേശപ്രകാരമാണ് ഡോവൽ ഇക്കാര്യം വ്യക്തമാക്കിയതെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ദൽഹി ഇന്ത്യയെ വിഭജിച്ചിരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.