മുംബൈ - പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി (83) അന്തരിച്ചു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ചു.
മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ കുമാർ സാഹ്നിയുടെണ്. 1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. ഇന്ത്യാ-പാക് വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേക്ക് താമസം മാറി. 1972-ൽ ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ൽ ഖായൽ ഗാഥയും 1991-ൽ ഭവനതരണയും ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെയും കുമാർ സാഹ്നി ചലച്ചിത്രമാക്കി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ബോംബെ സർവകലാശാലയിൽനിന്ന് പോളിറ്റിക്കൽ സയൻസിലും ചരിത്രത്തിലും ബിരുദം നേടിയതിന് ശേഷമാണ് സാഹ്നി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരക്കഥ രചനയും സംവിധാനവും പഠിച്ചത്. ഈ കാലയളവിലാണ് വിഖ്യാത സംവിധായകരിലൊരാളായ റിത്വിക്ക് ഘട്ടക്കിനെ സാഹ്നിനി കണ്ടുമുട്ടിയത്. പിന്നീട് റിത്വിക്കിന്റെ ഏറ്റവും മികച്ച ശിഷ്യന്മാരിലൊരാളായി സാഹ്നി മാറി. റിത്വിക്കിന്റെ സ്വാധീനം സാഹ്നിയുടെ സൃഷ്ടികളിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.