ശ്രീനഗര്‍ - ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ അതിവേഗതയില്‍ 70 കിലോമീറ്ററോളം ഓടി. ഈ പാളത്തിലൂടെ മറ്റു ട്രെയിനുകള്‍ ഒന്നും വരാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയില്‍ പെട്ടെന്ന് പത്താന്‍കോട്ട് ഭാഗത്തേക്ക് അതിവേഗം ഓടുകയായിരുന്നു. സംഭവത്തെക്കുറിച്ച് റെയിവേ അന്വേഷണം ആരംഭിച്ചു.
കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ഗുഡ്‌സ് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത്. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനൊടുവില്‍ പഞ്ചാബിലെ മുകേറിയനിലെ ഉച്ചി ബസ്സിക്ക് സമീപം ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
ഇന്ന് രാവിലെ 7.10 ഓടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജമ്മുവിലെ കത്വയില്‍ 14806 ആര്‍ എന്ന നമ്പര്‍ ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റ് നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി ഹാന്‍ഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാന്‍ പോയി. അതിനിടെ, ട്രെയിന്‍ പെട്ടെന്ന് നീങ്ങുകയും, ഒടുവില്‍ വേഗത കൂട്ടി ഓടാന്‍ തുടങ്ങുകയുമായിരുന്നു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചെരിവാണ് സംഭവത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ട്രെയിന്‍ തനിയെ നീങ്ങിത്തുടങ്ങിയതില്‍ ദുരൂഹത ഉയരുന്നുണ്ട്. അതേസമയം ലോക്കോ പൈലറ്റിനോ മറ്റേതെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥനോ എതിരെ ഇതുവരെ നടപടിയൊന്നും എടുത്തതായി റിപ്പോര്‍ട്ടില്ല.