ചെന്നൈ- തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും വീടുകളിൽ സി.ബി.ഐ റെയ്ഡ്. നിരോധിത പുകയില ഉൽപ്പന്ന വിൽപനയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഗുട്ക കേസിലാണ് റെയ്ഡ്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. സംസ്ഥാന ആരോഗ്യമന്ത്രി സി. വിജയഭാസ്‌കർ, ഡി.ജി.പി ടി.കെ രാജേന്ദ്രൻ, മറ്റ് മുതിർന്ന നിരവധി പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുന്നുണ്ട്. നാൽപതോളം സ്ഥലത്ത് റെയ്ഡ് നടക്കുന്നുണ്ടെന്ന് വിവരം. നിരോധിത പുകയില സംസ്ഥാനത്ത് വീണ്ടും വിൽക്കുന്നതിന് നാൽപത് കോടി രൂപ കൈക്കൂലി സ്വീകരിച്ചുവെന്നാണ് കേസ്. 2016-ലാണ് ഈ കേസിലെ വിവരങ്ങൾ പുറത്തുവന്നത്. വ്യവസായി മാധവ റാവുവിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു അഴിമതിയുടെ വിശദാംശങ്ങൾ ലഭിച്ചത്. തമിഴ്‌നാട്ടിൽ 2013-ൽ നിരോധിച്ച പാൻ മസാല, ഗുട്ക തുടങ്ങിയവ മാധവ റാവുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌നിന്ന് കണ്ടെത്തിയിരുന്നു. എം.ഡി.എം എന്ന പേരിലുള്ള ഗുട്കയാണ് മാധവ റാവുവിന്റെ കമ്പനി നിർമ്മിച്ചിരുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞദിവസം സി.ബി.ഐ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഭാസ്‌കർ മന്ത്രി സ്ഥാനം രാജിവെക്കണമെന്നും പോലീസ് മേധാവിയെ സ്ഥാനത്ത്‌നിന്ന് നീക്കണമെന്നും പ്രതിപക്ഷമായ ഡി.എം.കെ ആവശ്യപ്പെട്ടു. ഈ കേസ് നേരത്തെ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഡി.എം.കെ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ എതിർപ്പ് മറികടന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.