(വേങ്ങര) മലപ്പുറം - തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഓൺലൈൻ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നതായി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പോലീസിൽ പരാതി നൽകി. 'യു.പി മുഖ്യമന്ത്രിയെ കൊല്ലുമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു' എന്നതടക്കമുള്ള വ്യാജ പ്രചാരണമാണ് നടത്തിയത്.
ഒരു യൂട്യൂബ് ചാനലിൽ വന്ന വാർത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്. വ്യാജ പ്രചാരണത്തെക്കുറിച്ച് തെളിവുകൾ സഹിതം ഫെബ്രുവരി 11ന് വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം എസ്.പിക്കും പരാതി നൽകിയതായി റൈഹാനത്ത് വ്യക്തമാക്കി.
താനുമായി ബന്ധമില്ലാത്ത ഒരു വാർത്ത തന്നെയും ഭർത്താവിനെയും സമൂഹത്തിൽ തരംതാഴ്ത്താനും അപമാനിക്കാനും വിവിധ സമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്താനും വർഗീയ കലാപം സൃഷ്ടിക്കാനും വേണ്ടി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്ന് റൈഹാനത്ത് പരാതിയിൽ വ്യക്തമാക്കി.