എലിപ്പനി ഭീതിക്കിടെ പ്രതിരോധ മരുന്ന് ക്ഷാമവും; കേരളം അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടി

കോഴിക്കോട്- പ്രളയക്കെടുതിക്കു പിന്നാലെ പൊതുജനാരോഗ്യത്തിനു ഭീഷണിയായി കേരളത്തില്‍ പലയിടത്തും എലിപ്പനി പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതിരോധ മരുന്നിനു ക്ഷാമം. എലിപ്പന ബാധ സംശയിക്കപ്പെട്ട 800ഓളം പേര്‍ ഇതിനകം ചികിത്സ തേടിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എലിപ്പനി സ്ഥിരീകരിച്ച 12 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം എലിപ്പനിയുടെ ലക്ഷണങ്ങളോടെ ഇതുവരെ 41 പേര്‍ മരിച്ചിട്ടുണ്ട്. കൂടുതല്‍ വ്യാപനം തടയുന്നതിനു വേണ്ടി അധികൃതര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍തത്തനങ്ങള്‍ നടത്തിവരുന്നതിനിടെ ഉണ്ടായ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടി. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമായി പ്രതിരോധ മരുന്ന് എത്തിക്കാനാണു ശ്രമം.

എലിപ്പനി ബാധ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ടു മാസത്തേക്കായി 30 ലക്ഷം എലിപ്പനി പ്രതിരോധ ഗുളികകളാണ് വിതരണം ചെയ്യാന്‍ ആവശ്യമുള്ളത്. എന്നാല്‍ ഇപ്പോള്‍ സ്റ്റോക്ക് ഉള്ളത് വെറും അഞ്ചു ലക്ഷം ഗുളികകള്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍ പറഞ്ഞു. വിതരണത്തിനാവശ്യമായി മരുന്നുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വരാന്‍ തുടങ്ങിയതോടെ സ്റ്റോക്ക് അതിവേഗം തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മരുന്ന് ആഴ്ചയില്‍ ഒന്നു വീതം ഒരു മാസമാണ് കഴിക്കേണ്ടത്. മരുന്ന് ക്ഷാമം തടയാന്‍ സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും കുറവ് വരുന്നിടത്ത് ആവശ്യമായവ ഉടന്‍ എത്തിക്കുന്നുണ്ടെന്നും ആരോഗ്യ സേവന വകുപ്പ് ഡയറക്ടര്‍ സരിത ആര്‍.എല്‍ പറഞ്ഞു.
 

Latest News