മുംബൈ- മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അപ്രതീക്ഷിതയായ സഹയാത്രികയെ കണ്ട് ഞെട്ടി യാത്രക്കാരും. ശനിയാഴ്ച രാവിലെ മുംബൈയിലെ ഘാട്‌കോപ്പര്‍ മുതല്‍ കല്യാണ്‍ വരെയായിരുന്നു മന്ത്രിയുടെ യാത്ര.
ട്രെയിനിലുണ്ടായിരുന്ന യുവതീയുവാക്കള്‍ക്കൊപ്പം മന്ത്രി സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. മന്ത്രി യാത്രക്കാരുമായി സംസാരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. യാത്രയുടെ ചിത്രങ്ങളടക്കം നിര്‍മലാ സീതാരാമന്റെ ഓഫീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിദിനം 60 ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്യുന്നതാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിവിധ അവസരങ്ങളില്‍ സമാനമായ രീതിയില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.