Sorry, you need to enable JavaScript to visit this website.

രേഖകളില്ലാതെ ലോറിയില്‍ കടത്തിയ നാല് ലക്ഷത്തിന്റെ മരത്തടികള്‍ പോലീസ് പിടികൂടി

കാസര്‍കോട് - രേഖകളില്ലാതെ ലോറിയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന നാല് ലക്ഷത്തോളം രൂപയുടെ മരത്തടികള്‍ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആദൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മരത്തടികളുമായി ലോറി വന്നത്. പോലീസ് പരിശോധനയില്‍ രേഖകളില്ലെന്ന് വ്യക്തമായതോടെ എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തില്‍ മരത്തടികളും ലോറിയും കസ്റ്റഡിയിലെടുത്തു. ആദൂര്‍ പടിയത്തടുക്കയില്‍ റോഡരികിലുണ്ടായിരുന്ന മരത്തടികള്‍ സ്വകാര്യവ്യക്തി ലോറിയില്‍ കടത്തുകയായിരുന്നു.
മലയോര ഹൈവേയുടെ ഭാഗമായി പടിയത്തടുക്കയില്‍ റോഡിന്റെ വീതി കൂട്ടുമ്പോള്‍ മുറിച്ച മരങ്ങള്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്ന് അവകാശപ്പെട്ടാണ് സ്വകാര്യ വ്യക്തി മരത്തടികള്‍ കടത്താന്‍ ശ്രമിച്ചത്. സീതാംഗോളിയിലെ സ്വകാര്യ മില്ലിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരത്തടികള്‍ പൊലീസ് പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി കേസ് വനംവകുപ്പിന് കൈമാറി. കാസര്‍കോട് സെക്ഷന്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി.വി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ ആന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലം അളന്നു തിട്ടപ്പെടുത്തിയാല്‍ മാത്രമേ മരങ്ങള്‍ മരാമത്ത് ഭൂമിയിലേതാണോ സ്വകാര്യ വ്യക്തിയുടെ പറമ്പിലേതാണോയെന്ന് വ്യക്തമാകൂ. മരം മരാമത്ത് ഭൂമിയിലേതാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

 

Latest News