- കോൺഗ്രസിന് ബി.ജെ.പിയുടെ മനസ്സ്, നെഹ്‌റുവിനെ അവർ മറന്നുവെന്നും പിണറായി വിജയൻ
കണ്ണൂർ - കോൺഗ്രസിന് പഴയ നിലപാടിൽ നിന്ന് മാറ്റമുണ്ടായെന്നും ജവഹർലാൽ നെഹ്‌റു സ്വീകരിച്ച നിലപാടല്ല കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യവിരുദ്ധ ശക്തികളുടെ അതേ നിലപാടാണിപ്പോൾ പലപ്പോഴും കോൺഗ്രസിൽനിന്ന് ഉണ്ടാകുന്നതെന്നും ഒരു ഘട്ടത്തിലും വർഗീയ ശക്തികളോട് ഉറച്ച നിലപാട് സ്വീകരിക്കാൻ അവർക്കാവുന്നില്ലെന്നും പിണറായി വിജയൻ കണ്ണൂരിൽ കുറ്റപ്പെടുത്തി.
ഇന്ന് കോൺഗ്രസായ ഒരാൾ നാളെ കോൺഗ്രസായിരിക്കുമെന്ന് കോൺഗ്രസുകാർക്കു പോലും പറയാനാവില്ല. ആരും മാറിയേക്കാം എന്ന അനിശ്ചിതത്വം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അയോധ്യ വിഷയത്തിൽ തീരുമാനമെടുക്കാൻ സി.പി.എമ്മിന് അധിക സമയം വേണ്ടി വന്നില്ല. എന്നാൽ, കോൺഗ്രസിന് തീരുമാനമെടുക്കാൻ എത്ര നാൾ വേണ്ടി വന്നു. സംഘപരിവാറിന് അനുകൂലമായ നേതൃതലം കോൺഗ്രസിനുള്ളത് കൊണ്ടാണതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
പാർലമെന്റ് ഒരുദിവസം നീട്ടിയത് അയോധ്യ ചർച്ച ചെയ്യാനായിരുന്നു. സി.പി.എം അതിനെ എതിർക്കുകയും ബഹിഷ്‌ക്കരിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് എതിർത്തില്ലെന്നു മാത്രമല്ല അംഗങ്ങൾക്ക് വിപ്പ് നൽകി. എ.എ.പിയും പ്രതിപക്ഷ പാർട്ടികൾ പലതും എതിർത്തു. എന്നാൽ കോൺഗ്രസ് മിണ്ടിയില്ല. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് ധൃതിയാണ്. കോൺഗ്രസിന് ആ വിഷയത്തിലും കൃത്യമായ നിലപാടില്ല. കോൺഗ്രസ് വർഗീയതയുടെ ബി ടീമാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
വർഗീയതയെ എതിർക്കാൻ വർഗീയതയുടെ ബി ടീമായി നിന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചു. അയോധ്യയിൽ മോഡി ക്ഷേത്രപ്രതിഷ്ഠ നടത്തുമ്പോൾ രാഹുൽ ഗാന്ധി അതേദിവസം അതേസമയം മറ്റൊരു
ക്ഷേത്രത്തിൽ പൂജ നടത്തി. അത് നൽകുന്ന സന്ദേശം എന്താണെന്ന് കോൺഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം വലിയ ശക്തിയല്ല, പക്ഷെ നിലപാടുണ്ട്.
ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടക്കുമ്പോൾ എതിർക്കാനെങ്കിലും കോൺഗ്രസ് തയ്യാറാവേണ്ടേ. ഇല്ലാത്ത തെറ്റ് ഉണ്ടെന്ന് വരുത്തി തീർക്കാനാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസ് ബി.ജെ.പിയോടൊപ്പമാണ്, ബി.ജെ.പി മനസ്സാണെന്നും പറഞ്ഞ പിണറായി, കേരളത്തിന് വേണ്ടി 18 യു.ഡി.എഫ് എം.പിമാരും പാർലമെന്റിൽ ഒന്നും മിണ്ടിയില്ലെന്നും ആരോപിച്ചു.