നിലമ്പൂര്‍-സ്വകാര്യ ക്ലിനിക്കില്‍ അനധികൃതമായി ജോലി ചെയ്ത ഡോക്ടറെ വിജിലന്‍സ് പിടികൂടി. കുഴിമണ്ണ കുടുംബാരോഗ്യ കേന്ദത്തിലെ അസിസ്റ്റന്റ് സര്ജന് ഡോ.അബ്ദുള്‍ ജലീല്‍ വല്ലിച്ചിറയെയാണ് മമ്പാട് സ്വകാര്യ ക്ലിനിക്കില്‍ നിന്നു വിജിലന്‍സ് സി.ഐ ജ്യോതീന്ദ്രകുമാറും സംഘവും പിടികൂടിയത്. വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന പരിശോധന. കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ
അസിസ്റ്റന്റ് സര്‍ജനായ ഇയാള്‍ ഡ്യൂട്ടി സമയം തീരും മുമ്പേ മമ്പാടുള്ള സ്വകാര്യ ക്ലിനിക്കിലേക്കു പോവുകയാണ്. ഇതിനാല്‍ ചികില്‍സ ലഭിക്കാതെ നിരവധി രോഗികള്‍ ബുദ്ധിമുട്ടിലാകുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിരുന്നു. ഇയാള്‍ മമ്പാട് സ്വകാര്യക്ലിനിക്കില്‍ ജോലി ചെയ്യുന്നതിന്റെ രേഖകളും പിടിച്ചെടുത്തു. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഡോക്ടറെ ഉപയോഗിച്ച് ക്ലിനിക്ക് ജോലി ചെയ്യിപ്പിച്ച ക്ലിനിക്ക് ഉടമക്കെതിരേയും നടപടി ഉണ്ടാകും. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സിഎച്ച്സി, ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ്, സ്വകാര്യആശുപത്രികളിലോ ക്ലിനിക്കുകളിലോ നടത്താന്‍ പാടില്ല. കഴിഞ്ഞ ആഴച മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറെയും സ്വകാര്യ പ്രാക്ടീസിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ്, വിജിലന്‍സ് പരിശോധന ശക്തമാക്കുകയാണ്. എസ്.ഐമാരായ ഹനീഫ, ശിഹാബ്, സീനിയര്‍ സി.പി.ഒമാരായ വിജയകുമാര്‍,
ഷറഫുദ്ദീന്, സി.പി.ഒ സുബിന് എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി. ഇന്നലെ വൈകുന്നേരം 4.30തോടെ തുടങ്ങിയ പരിശോധന ആറു മണിയോടെയാണ് പൂര്‍ത്തിയായത്.