ഗുവാഹത്തി- ഉത്തരാഖണ്ഡിനു പിന്നാലെ അസം സര്‍ക്കാരും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ തയാറെടുക്കുന്നു. ആദ്യ ചുവടായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം തീരുമാനമെടുത്തതായി അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
ഏകസിവില്‍ കോഡ് ബില്‍ അസം നിയമസഭയില്‍ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് ബില്‍ പാസാക്കിയതിന് ശേഷം, അസമില്‍ ഏകീകൃത സിവില്‍ കോഡിന് നിയമനിര്‍മാണം നടത്താന്‍ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പലതവണ സൂചന നല്‍കിയിരുന്നു.
വളരെ പ്രധാനപ്പെട്ട തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അസമിലെ 1935ലെ മുസ്ലിം വിവാഹം, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം എന്നിവ റദ്ദാക്കുന്നതെന്നും മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം സ്‌പെഷന്‍ മാര്യേജ് ആക്ടിന്റെ കീഴിലായിരിക്കുമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ തീരുമാനം ശൈശവ വിവാഹങ്ങള്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.